ബി.ബി.സി ഡോക്യുമെന്ററി പ്രചരിപ്പിക്കുന്നവര്‍ രാജ്യവിരുദ്ധര്‍: ബി. ഗോപാലകൃഷണന്‍
Kerala News
ബി.ബി.സി ഡോക്യുമെന്ററി പ്രചരിപ്പിക്കുന്നവര്‍ രാജ്യവിരുദ്ധര്‍: ബി. ഗോപാലകൃഷണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th January 2023, 10:08 pm

തിരുവനന്തപുരം: മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ബി.ബി.സി ഡോക്യുമെന്ററി പ്രചരിപ്പിക്കുന്നവര്‍ രാജ്യവിരുദ്ധരെന്ന് ബി.ജെ.പി നേതാവ് ബി. ഗോപലകൃഷ്ണന്‍. രാജ്യത്തോടാണോ ബി.ബി.സിയോടാണോ കൂറ് എന്നത് ഡോക്യുമെന്ററി കാണുന്നവര്‍ ചിന്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍.

ലോകം പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ആഗ്രഹിക്കുന്ന സമയത്താണ് ഒരു വിദേശ ചാനല്‍ ഇത്തരം പ്രചരണവുമായി എത്തിയിട്ടുള്ളതെന്നും, അത് അംഗീകരിക്കില്ലെന്നും ബി. ഗോപലകൃഷ്ണന്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ഉയര്‍ച്ചയെ എതിര്‍ക്കുന്നവരാണെന്നും ഗാന്ധിയെ ഒറ്റുകൊടുത്തവരാണ് ഇപ്പോള്‍ മോദിയെ വിമര്‍ശിക്കാന്‍ വരുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘രാജ്യവിരുദ്ധതയെ അംഗീകരിക്കില്ല. ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണ്. നട്ടല്ലില്ലാത്ത കോണ്‍ഗ്രസോ രാജ്യവിരുദ്ധരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ അല്ല. ഇവിടെ വന്ന് തോന്നിവാസം കാണിക്കാമെന്ന് ആരും കരുതേണ്ട. ഇന്ത്യ ഇന്ന് ലോകത്തിന് മുന്നില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അഴിമതി രഹിത ഭരണമാണ് രാജ്യത്ത് നടക്കുന്നത്. കൊവിഡിന് ശേഷം രാജ്യം പുരോഗതി നേടി.

മോദി ഇന്ന് ലോകത്തെ നയിക്കാന്‍ ആഗ്രഹിക്കുകയാണ്. ലോകത്തെ മുഴുവന്‍ ജനങ്ങളും മുഴുവന്‍ നേതാക്കന്മാരും മോദിയുടെ നേതൃത്വം സ്വീകരിക്കുകയാണ്. അങ്ങനെ വലിയ ജനപിന്തുണയുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ ഒരു വിദേശ ചാനല്‍ നടത്തുന്ന പ്രചരണം രാജ്യവിരുദ്ധര്‍ ഏറ്റെടുക്കുകയാണ്,’ ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് മാത്രമേ ബി.ജെ.പി സംസാരിക്കുന്നുള്ളൂവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പോലും മോദിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രതിനിധി ജ്യോതികുമാര്‍ ചാമക്കാല ചര്‍ച്ചയില്‍ പറഞ്ഞു. ഡോക്യുമെന്ററിലൂടെ ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് സി.പി.ഐ.എം പ്രതിനിധി എസ്. കെ. സജീഷും പറഞ്ഞു.