ഇങ്ങനെയും ചില വനിതാ നേതാക്കളുണ്ടായിരുന്നു മുസ്‌ലിം ലീഗിന്
Muslim League
ഇങ്ങനെയും ചില വനിതാ നേതാക്കളുണ്ടായിരുന്നു മുസ്‌ലിം ലീഗിന്
അസീസ് തരുവണ
Saturday, 18th September 2021, 3:04 pm
'ഹരിത' വിവാദം രാഷ്ട്രീയ പാര്‍ട്ടികളെ സ്ത്രീ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്ക് വഴി തുറക്കുന്ന പശ്ചാത്തലത്തില്‍, അവിഭക്ത ഇന്ത്യയിലെ വനിതാ നേതാക്കളും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുമായിരുന്ന കരുത്തുറ്റ സ്ത്രീകളെ ഓര്‍ത്തെടുക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ഡോ. അസീസ് തരുവണ

‘ഹരിത’യുടെ നേതൃനിരയില്‍ നിന്ന് അന്യായമായി ‘പുറത്താക്കപ്പെട്ട’ നേതാക്കള്‍ മാധ്യമങ്ങളില്‍ നടത്തിയ മികച്ച പ്രകടനങ്ങളും നിലപാടുകളിലെ കൃത്യതയും വ്യക്തതയും ഉത്തരാധുനിക ജ്ഞാന വ്യവഹാരങ്ങളില്‍ ഊന്നിയുള്ള സംഭാഷണങ്ങളുമെല്ലാം സജീവ ചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും ഉന്നത വിദ്യാഭ്യാസവും സ്ത്രീവാദ പ്രസ്ഥാനങ്ങള്‍ സൃഷ്ടിച്ച ജ്ഞാന പരിസരവുമാണ് അതിനവരെ പ്രാപ്തമാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല.

മുസ്‌ലിം ലീഗിനെ യാഥാസ്ഥിതിക പൗരോഹിത്യവും കുടുംബാധിപത്യവും കൈപ്പിടിയില്‍ ഒതുക്കുന്നതിന് മുമ്പ്, തങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ഇടപെടലുകളിലൂടെ ശ്രദ്ധേയരായ നിരവധി വനിതകള്‍ പഴയ അഖിലേന്ത്യാ ലീഗിന്റെ നേതൃത്വത്തില്‍ പോലുമുണ്ടായിരുന്നു എന്നതാണ് ചരിത്രം. പ്രതികരണ ശേഷിയും നിലപാടുകളില്‍ കൃത്യതയും വ്യക്തതയുമുള്ള അത്തരം സ്ത്രീകള്‍ സ്വീകരിച്ച ചില നിര്‍ണായക നിലപാടുകള്‍ പരിശോധിച്ചാല്‍ ഇവര്‍ ലീഗ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നോ എന്ന് ഒരു വേള, ആശ്ചര്യപ്പെട്ടു പോകും. ലീഗിന്റെ തലപ്പത്തുണ്ടായിരുന്ന അത്തരം ചില സ്ത്രീകളെക്കുറിച്ചും അവരുടെ സംഭാവനകളെപ്പറ്റിയുമാണ് ഈ കുറിപ്പ്.

ബീഗം ജഹനാര ഷാനവാസ്

മുസ്‌ലിം ലീഗിന്റെ ആദ്യകാല അഖിലേന്ത്യാ കമ്മിറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു ബീഗം ജഹനാര ഷാനവാസ്. 1918 ല്‍ മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ കമ്മിറ്റിയില്‍ അവര്‍ ബഹുഭാര്യത്വത്തിനെതിരെ പ്രമേയമവതരിപ്പിച്ച് പാസാക്കുകയുണ്ടായി. 1935 ല്‍ അവര്‍ പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ വിമന്‍സ് മുസ്‌ലിം ലീഗ് എന്ന സംഘടന സ്ഥാപിച്ചു. 1930 ലെ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ജഹനാര ഷാനവാസും രാധാബായി സുബ്ബരായനും മാത്രമാണ് വനിതാ സംഘടനകളിലെ രണ്ട് സജീവ അംഗങ്ങള്‍ എന്ന നിലയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

1937 ല്‍ പഞ്ചാബ് നിയമസഭയിലേക്ക് ബീഗം ജഹനാര തെരഞ്ഞെടുക്കപ്പെട്ടു, വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി അവര്‍ പിന്നീട് നിയമിക്കപ്പെടുകയും ചെയ്തു. 1938 ല്‍ ജഹനാര ഓള്‍ ഇന്ത്യ മുസ്ലിം ലീഗിന്റെ വനിതാ കേന്ദ്ര ഉപസമിതിയില്‍ അംഗമായി. 1942 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജഹനാരയെ നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ അംഗമായി നിയമിച്ചു, എന്നാല്‍ ലീഗ് അംഗങ്ങളോട് ഡിഫന്‍സ് കൗണ്‍സിലില്‍ നിന്ന് രാജി വെക്കാന്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. അതിനോട് യോജിക്കുവാന്‍ ജഹനാരയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ മുസ്‌ലിം ലീഗില്‍ നിന്ന് അവര്‍ പുറത്താക്കപ്പെട്ടു. ജഹനാര നാഷണല്‍ ഡിഫന്‍സ് കൗണ്‍സില്‍ അംഗമായി തുടര്‍ന്നു. 1946ല്‍ അവര്‍ ലീഗില്‍ തിരിച്ചെത്തി. അതേ വര്‍ഷം തന്നെ സെന്‍ട്രല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയിലേക്ക് ജഹനാര തെരഞ്ഞെടുക്കപ്പെട്ടു.

ഓക്‌സ്‌ഫോര്‍ഡ് പ്രസിദ്ധീകരിച്ച ജഹാനാരയുടെ ആത്മകഥ

1947 ല്‍ പഞ്ചാബില്‍ നടന്ന നിയമലംഘന സമരത്തിനിടെ മറ്റ് മുസ്ലിം ലീഗ് നേതാക്കളോടൊപ്പം ജഹനാര അറസ്റ്റിലായി. വിഭജാനാനന്തരം ജഹനാര പാക്കിസ്ഥാനിലേക്ക് പോയി. പാക്കിസ്ഥാനിലും അവര്‍ ജനകീയ പ്രക്ഷോഭ രംഗത്ത് സജീവമായി തുടര്‍ന്നു. സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഒരു ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിന് വേണ്ടി 1948 ല്‍, ലാഹോറിലെ തെരുവുകളില്‍ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധത്തിന് ജഹനാര നേതൃത്വം നല്‍കി. ഭരണകൂടം അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറായി എന്നതാണ് ചരിത്രം.

ഓള്‍ ഇന്ത്യ മുസ്‌ലിം വിമന്‍സ് കോണ്‍ഫറന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ബ്രാഞ്ചിന്റെ പ്രസിഡന്റായിരുന്ന ജഹനാര ഏഴ് വര്‍ഷക്കാലം, അഖിലേന്ത്യാ മുസ്‌ലിം വനിതാ കോണ്‍ഫറന്‍സിന്റെ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യയിലെ ഒരു നിയമസഭാ സമ്മേളനത്തില്‍ അധ്യക്ഷയായ ആദ്യ വനിത എന്നൊരു ബഹുമതികൂടി ജഹനാരയ്ക്കുണ്ട്. ജഹനാര ഷാനവാസ് എഴുത്തുകാരി എന്ന നിലയിലും പ്രസിദ്ധയാണ്. അവര്‍ രചിച്ച Huns Ara B-egum എന്ന നോവല്‍ പ്രസിദ്ധമാണ്. Father and Daughter: A political autobiography എന്ന ജഹനാരയുടെ ആത്മകഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയിലെ ഏക മുസ്‌ലിം വനിതാ സാന്നിധ്യമായിരുന്നു ബീഗം ഐസാസ് റസൂല്‍. മുസ്‌ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു ബീഗം ഐസാസ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു അവര്‍. (സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട എല്ലാ കേരള നിയമസഭകളിലും ലീഗ് അംഗങ്ങള്‍ ഉണ്ടായിരുന്നു; ഒരു സ്ത്രീ പോലുമതില്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നത് ചരിത്രം)

ബീഗം ഐസാസ് റസൂല്‍

മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലെ എന്നല്ല, ഫെമിനിസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാര്‍ന്ന നാമധേയമാണ് ബീഗം ഷൈസ്ത സുഹ്റവര്‍ദി ഇഖ് റാമുള്ള (1915 – 2000) യുടേത്. ഒരു രാഷ്ട്രീയക്കാരി എന്നതിലുപരി നയതന്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു മുസ്‌ലിം ലീഗുകാരിയായ ബീഗം ഷൈസ്ത.

മുസ്‌ലിം വനിതാ വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും (MWSF ഒരര്‍ത്ഥത്തില്‍ ‘ഹരിത’യുടെ പഴയ രൂപം) അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ വനിതാ ഉപസമിതിയുടെയും നേതാവായിരുന്നു ഷൈസ്ത. ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടിയ ആദ്യ മുസ്‌ലിം വനിത എന്ന ബഹുമതിക്കു കൂടി അര്‍ഹയാണവര്‍. വിഭജനാനന്തരം പാക്കിസ്ഥാനിലേക്കു പോയ ഈ കല്‍ക്കത്തക്കാരി 1964 മുതല്‍ 1967 വരെ മൊറോക്കോയിലെ പാക്കിസ്ഥാന്റെ അംബാസഡറായിരുന്നു.

1945 ല്‍, പസഫിക് റിലേഷന്‍സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ബീഗം ഷൈസ്തയോട് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മുഹമ്മദലി ജിന്ന മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി പോകണമെന്ന് ആഗ്രഹിച്ചതിനാല്‍ ഈ വാഗ്ദാനം അവര്‍ നിരസിച്ചു.

ബീഗം ഷൈസ്ത സുഹ്റവര്‍ദി ഇഖ് റാമുള്ള

1946 ല്‍ ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പങ്കാളിയാകുവാന്‍ സാധിച്ചില്ല. വിഭജനാനന്തരം രൂപം കൊണ്ട പാകിസ്താനിലെ ആദ്യത്തെ ഭരണഘടനാ അസംബ്ലിയിലെ രണ്ട് വനിതാ പ്രതിനിധികളില്‍ ഒരാളായിരുന്നു ഈ ലീഗുകാരി. കൂടാതെ, ഐക്യരാഷ്ട്രസഭയിലെ ഒരു പ്രതിനിധിയായി കൂടി അവര്‍ പ്രവര്‍ത്തിക്കുകയുണ്ടായി. ഇക്കാലത്ത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപന സമ്മേളനത്തിലും (1948) വംശഹത്യയ്‌ക്കെതിരായ കണ്‍വെന്‍ഷനിലും (1951) അവര്‍ സജീവ പങ്കാളിത്തം വഹിക്കുകയുണ്ടായി.

ഒരെഴുത്തുകാരി എന്ന നിലയില്‍ ബീഗം ഷൈസ്തയുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. ഉര്‍ദു വനിതാ മാസികകളായ തെഹ്സീബ്-ഇ-നിസാനിലും ഇസ്മത്തിലും ഒട്ടേറെ ഇംഗ്ലീഷ് പ്രാദേശിക പത്രങ്ങളിലും അവരെഴുതിയ സ്ത്രീപക്ഷ രചനകള്‍ പ്രസിദ്ധമാണ്.
1950 ല്‍ ബീഗം ഷൈസ്തയുടെ കോഷിഷ്-ഇ-നാത്തം എന്ന ഉറുദു ചെറുകഥാ സമാഹാരവും 1951 ല്‍ ലെറ്റേഴ്സ് ടു നീന എന്ന പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. ബിയോണ്ട് ദി വെയില്‍ (1953) എന്ന സ്ത്രീപക്ഷ ഉപന്യാസ സമാഹാരം പര്‍ദ്ദയ്ക്കെതിരെയുള്ള കൃതി എന്ന നിലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

പര്‍ദയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എന്ന ബീഗം ഷൈസ്തയുടെ ആത്മകഥ

പര്‍ദയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് (From pardha to parliament) എന്ന ആത്മകഥ (1963) യാണ് ബീഗം ഷൈസ്തയുടെ ഏറ്റവും പ്രശസ്തമായ, ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന രചന (പ്രസിദ്ധീകരിച്ചത് ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്). ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് എഴുതപ്പെട്ട കോമണ്‍ ഹെറിറ്റേജ് (1997) എന്ന പുസ്തകത്തിന്റെ എട്ട് എഴുത്തുകാരില്‍ ഒരാളായിരുന്നു ഈ ലീഗുകാരി.

മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നിലായിരുന്ന കാലത്ത് മുസ്‌ലിം ലീഗില്‍ സജീവമായി പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത സ്ത്രീകളായിരുന്നു മുകളില്‍ പരാമര്‍ശിക്കപ്പെട്ടവരെല്ലാം.

സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ സ്ത്രീകളുടെ പ്രാതിനിധ്യവും അവസ്ഥയുമെന്താണെന്ന് ‘ഹരിത’യിലെ ഉള്‍ക്കാഴ്ചയുള്ള പ്രവര്‍ത്തകരെങ്കിലും പഠന വിധേയമാക്കുന്നത് നന്നായിരിക്കും. ഏതു ചരിത്രസന്ധിയില്‍ വെച്ചാണ് ലീഗില്‍ സ്ത്രീകള്‍ നിശബ്ദരാക്കപ്പെട്ടത് എന്ന തിരിച്ചറിവ് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തു പകരുക തന്നെ ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Azees tharuvana writes about old Muslim League women leaders

അസീസ് തരുവണ
എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്