അയ്യപ്പസംഗമം: എന്‍.എസ്.എസ് പങ്കെടുക്കും; ക്ഷണം സ്വീകരിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്
പെരുന്ന: ആഗോള അയ്യപ്പസംഗമത്തിലേക്ക് എന്‍.എസ്.എസിനെ ക്ഷണിക്കാന്‍ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് നേരിട്ടെത്തി തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. എന്‍.എസ്.എസ് പ്രതിനിധി അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി പെരുന്നയില്‍ നിന്നും മാധ്യമങ്ങളെ കണ്ട പി.എസ് പ്രശാന്ത് പറഞ്ഞു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്ക് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അസൗകര്യമുണ്ടെന്നും അതുകൊണ്ടാണ് പ്രതിനിധി പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പിന്തുണയും എന്‍.എസ്.എസ് അറിയിച്ചെന്നും പി.എസ് പ്രശാന്ത് പ്രതികരിച്ചു.
കഴിഞ്ഞദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അയ്യപ്പസംഗമത്തില്‍ പങ്കെടുക്കില്ലെന്നും പകരം പ്രതിനിധിയെ അയക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സമുദായ സംഘടനാ നേതാക്കളെ നേരിട്ട് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് പി.എസ് പ്രശാന്ത് പെരുന്നയിലെത്തിയത്. അടുത്തദിവസം കെ.പി.എം.എസ് നേതൃത്വത്തെ കാണുമെന്നും അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നേരത്തെ, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും പി.എസ് പ്രശാന്ത് നേരിട്ടെത്തി അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് തിരിച്ചത്.
ഈ മാസം 20നാണ് പമ്പയില്‍ ആഗോളഅയ്യപ്പ സംഗമം നടക്കുക. അയ്യപ്പസംഗമം മഹാസംഭവമായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പി.എസ് പ്രശാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. ശബരിമലയ്ക്ക് ഇതിലൂടെ ലോകപ്രശസ്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യത തന്നെ തുറക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ആഗോള അയ്യപ്പസംഗമത്തെ സംബന്ധിച്ച് ഉയരുന്ന വിവാദവിഷയങ്ങള്‍ മാറ്റിവെയ്ക്കണമെന്നും ഇതിനെ പ്രായശ്ചിത്തമായി വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെ തന്നെ കരുതാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു. അയ്യപ്പസംഗമത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും കക്ഷിരാഷ്ട്രീയം പറഞ്ഞും പിണറായിയെ കുറ്റപ്പെടുത്തിയും സമയം കളയരുതെന്നും അദ്ദേഹം വിമര്‍ശകരെ ഓര്‍മ്മിപ്പിച്ചു.
അയ്യപ്പസംഗമത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ യു.ഡി.എഫ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അയ്യപ്പഭക്തി എന്തിനാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുമെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചത്.
Content Highlight: Ayyappa Sangamam: NSS will participate; Devaswom Board President PS Prashanth says