ഇന്ത്യയിലെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഏറ്റവും ആരാധകരുള്ള ഒന്നാണ് മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സ്. 2018ല്‍ പുറത്തിറങ്ങിയ സ്ത്രീയിലൂടെയാണ് ഈ യൂണിവേഴ്‌സിന് തുടക്കമായത്. 2022ല്‍ റിലീസ് ചെയ്ത ഭേഡിയയിലൂടെ യൂണിവേഴ് വികസിച്ചു. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത് ബോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സ്ത്രീ 2വിലൂടെ ഈ യൂണിവേഴ്‌സിന് ആരാധകരേറെയായി.
2024ല്‍ മാഡോക് യൂണിവേഴ്‌സിലെ മറ്റൊരു ചിത്രമായ മൂഞ്ച്യയും പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കി. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കാലങ്ങളായി കേട്ടുവരുന്ന അതിമാനുഷ കഥകളെ കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ഈ യൂണിവേഴ്‌സിന്റെ പ്രത്യേകത. വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ ഈ യൂണിവേഴ്‌സിന്റെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
ഈ യൂണിവേഴ്‌സിലെ അടുത്ത ചിത്രമായ തമ്മയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആയുഷ്മാന്‍ ഖുറാന നായകനായെത്തുന്ന ചിത്രം ഈ യൂണിവേഴ്‌സിലെ ആദ്യ പ്രണയചിത്രമായാണ് ഒരുങ്ങുന്നത്. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കഥയുടെ തുടര്‍ച്ച ഇന്നത്തെ കാലത്തും നടക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സ്‌ക്രിപ്റ്റ് സെലക്ഷനും അഭിനയവും കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തിലെ നായകന്‍. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായ രാശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖിയും തമ്മയുടെ ഭാഗമാണ്.
മരണമില്ലാത്ത വേതാളങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ശാപം കിട്ടി ബന്ധനത്തില്‍ കിടക്കുന്ന ഒരു വേതാളത്തിന്റെ ശക്തി ലഭിക്കുന്ന നായകനെയാണ് ചിത്രത്തില്‍ ആയുഷ്മാന്‍ അവതരിപ്പിക്കുന്നത്. പിന്നീട് തനിക്ക് ലഭിക്കുന്ന അമാനുഷിക കഴിവ് കാരണം നേരിടേണ്ടി വരുന്ന പൊല്ലാപ്പുകളിലൂടെയാണ് ചിത്രം വികസിക്കുന്നത്.
വെയില്‍ കൊള്ളുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്ന പ്രശ്‌നവും ഇതിലെ നായകനുണ്ട്. തനിക്ക് ലഭിച്ച കഴിവ് അവസാനം പ്രശ്‌നമായി മാറുന്നതും അതില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതും ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കും. ഈ യൂണിവേഴ്‌സിലെ മറ്റ് സിനിമകളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ തമ്മക്കും സാധിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Ayushman Khurana’s new movie Thamma trailer out now