തീര്‍പ്പായത് ഭൂമി തര്‍ക്ക കേസ്; ഇനിയുള്ളത് ബാബ്റി മസ്ജിദ് തകര്‍ത്ത കേസ്
ന്യൂസ് ഡെസ്‌ക്

വര്‍ഷങ്ങള്‍ നീണ്ട അയോധ്യകേസില്‍ സുപ്രീംകോടതി വിധി വന്നിരിക്കുകയാണ്. അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിന് സുപ്രീംകോടതി വിധിയോടെ അവസാനമായെങ്കിലും അയോധ്യ വിഷയത്തില്‍ സുപ്രധാനമായ മറ്റൊരു വിധിയ്ക്ക് കൂടി രാജ്യം കാത്തിരിക്കുന്നുണ്ട്.

1992 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസ് ലക്നൗ കോടതിയിലാണ്. ബാബ്റി തകര്‍ക്കലും അതിന് പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുമാണ് ഇനി തെളിയാനുള്ളത്. 27 വര്‍ഷം നീണ്ട കേസിന്റെ വിചാരണ ലക്നൗ സി.ബി.ഐ കോടതിയില്‍ അവസാനഘട്ടത്തിലാണ്.

ഈ കേസിലെ 49 പ്രതികളില്‍ ഭൂരിഭാഗം പേരും ഇന്ന് ജീവനോടെയില്ല. അതേസമയം ജീവിച്ചിരിക്കുന്നവരില്‍ പലരും ഉന്നതസ്ഥാനത്തിരിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രി, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പാര്‍ലമെന്റ് എം.പിമാര്‍ തുടങ്ങിയവരാണ്.

ബാബ്റി കേസിന്റെ നാള്‍വഴികള്‍

1992 ഡിസംബര്‍ 6 ന് ബാബ്റി മസ്ജിദ് തകര്‍ത്ത് നിമിഷങ്ങള്‍ക്കകം അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെ 197/92 എന്ന നമ്പറില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

10 മിനുട്ടുകള്‍ക്കകം രണ്ടാമത്തെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. 198/92 നമ്പറില്‍ സെക്ഷന്‍ 153അ,153 ആ,505 എന്നിവ പ്രകാരം എല്‍.കെ അദ്വാനി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നിവര്‍ക്കെതിരെയായിരുന്നു എഫ്.ഐ.ആര്‍.

വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായി പ്രസംഗിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ എഫ്.ഐ.ആര്‍.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 47 എഫ്.ഐ.ആര്‍ വേറെയും രജിസ്റ്റര്‍ ചെയ്തു.

ലിബര്‍ഹാന്‍ കമ്മീഷന്‍

ബാബരി മസ്ജിദ് തകര്‍ക്കലും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്‍മോഹന്‍ സിംഗ് ലിബര്‍ഹാന്‍ മേധാവിയായി 1992 ഡിസംബര്‍ 16-ന് ലിബര്‍ഹാന്‍ കമ്മീഷന്‍ രൂപീകരിക്കുന്നു.

മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലായത് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ബാബ്റി തകര്‍ക്കലിനെ തുടര്‍ന്ന് മുംബൈയില്‍ അരങ്ങേറിയ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ശ്രീകൃഷ്ണ കമ്മീഷനും ലിബര്‍ഹാന്‍ കമ്മീഷന്റെ ഗതിയായിരുന്നു.

1992 ഡിസംബര്‍ മാസത്തിലും 1993 ജനുവരിയിലുമായി നടന്ന കലാപത്തില്‍ 900 മനുഷ്യ ജീവനുകളായിരുന്നു നഷ്ടമായത്. 275 ഹിന്ദുക്കളും 575 മുസ്ലിംകളും രണ്ടായിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇതിലൊന്നും ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ല

ബാബ്റി കേസ് സി.ബി.ഐയിലേക്ക്

കേസിന്റെ തുടക്കം മുതലെ അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ മുറവിളി ഉയര്‍ന്നിരുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് സി.ബി.ഐയും രാഷ്ട്രീയക്കാര്‍ക്ക് എതിരെയുള്ള കേസ് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് പൊലീസിന്റെ സി.ബി-സി.ഐ.ഡി സേനേയയും ഏല്‍പ്പിക്കുകയായിരുന്നു.

1993 ആഗസ്റ്റ് 27 ന് എല്ലാ കേസുകളും സി.ബി.ഐയ്ക്ക് വിട്ടു.

എല്ലാ കേസുകളും ഉള്‍പ്പെടുത്തി ഒറ്റകുറ്റപത്രമാണ് സി.ബി.ഐ 1995 ഒക്ടോബര്‍ 5 ന് ലക്നൗ കോടതിയില്‍ സമര്‍പ്പിച്ചത്.

ആദ്യ എഫ്.ഐ.ആറുകളുടെ ചുവടുപിടിച്ച് സി.ബി.ഐ തയ്യാറാക്കിയ കുറ്റുപത്രത്തില്‍ പള്ളി പൊളിക്കുന്നതിന് പിന്നിലെ വന്‍ ഗൂഢാലോചന ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പ്രധാനപ്പെട്ട നേതാക്കള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. 120 ആ സെക്ഷനിലെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം പ്രതികള്‍ക്കെതിരെ ചുമത്തി.

പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് 1997 സെപ്തംബര്‍ ആറിന് കോടതി നിരീക്ഷിച്ചു. പ്രതികളില്‍ ചിലര്‍ കീഴ്ക്കോടതിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കി.

കുറ്റപത്രത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുന്നു. അതേസമയം ഭരണപരമായി യു.പി സര്‍ക്കാരിന് വീഴ്ച സംഭവിച്ചത് ചൂണ്ടിക്കാണിച്ച കോടതി അദ്വാനിയടക്കമുള്ളവര്‍ക്ക് മേല്‍ ചുമത്തിയ മറ്റ് കുറ്റങ്ങള്‍ നിരസിച്ചു. നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തുന്നു.

ഹൈക്കോടതി നടപടിയുടെ ഭാഗമായി 13 പേര്‍ക്കെതിരായ നടപടിയും ലക്നൗ കോടതി പിന്‍വലിക്കുന്നു.

കുറ്റപത്രത്തിലെ പിഴവ് തിരുത്തി പുതിയ നോട്ടിഫിക്കേഷന്‍ സമര്‍പ്പിക്കാന്‍ സി.ബി.ഐ, യു.പി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആവശ്യം തള്ളിക്കളയുന്നു.

2003 ജനുവരി 27 ന് അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ കേസ് റായ്ബറേലി കോടതിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കുന്നു

2003 സെപ്തംബര്‍ 19 ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്. റായ്ബറേലി മജിസ്ട്രേറ്റ് അദ്വാനിയ്ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കുന്നു. ആ സമയം അദ്വാനി ഉപപ്രധാനമന്ത്രിയായിരുന്നു.

അദ്വാനിയെ കുറ്റവിമുക്തനാക്കിയ നടപടിയ്ക്കെതിരെ സമര്‍പ്പിച്ച റിവ്യു ഹരജിയില്‍ വാദം കേട്ട റായ്ബറേലി കോടതി 2005 ജൂലൈ ആറിന് അദ്ദേഹമടക്കമുള്ളവര്‍ക്കെതിരെ വീണ്ടും കുറ്റം ചുമത്തുന്നു.

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് (മാര്‍ച്ച് 20 2012) സി.ബി.ഐ സുപ്രീംകോടതിയില്‍ 49 പേര്‍ക്കുമെതിരെ ഒറ്റ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കുന്നു.

സി.ബി.ഐ സത്യവാങ്മൂലത്തിലെ പ്രസക്ത ഭാഗങ്ങള്‍:-

1) 49 വ്യത്യസ്ത കേസുകള്‍ അന്വേഷിച്ചതില്‍ നിന്ന് 49 പേര്‍ക്കെതിരെയും ഉള്ളത് ഒരു ഗൂഢാലോചനക്കുറ്റമാണ്.

2) പ്രതിപ്പട്ടികയിലെ ഓരോരുത്തരും ഗൂഢാലോചന പ്രകാരം പദ്ധതിയിട്ട കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രവര്‍ത്തിച്ചു.

3) കേസ് പിന്‍വലിച്ച 21 പേരും ഗൂഢാലോചനയില്‍ പങ്കാളികളാണ്.

4) ഒരു കോടതിയിലും കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യപ്പെടാത്ത 13 പ്രതികളും ഗൂഢാലോചനയ്ക്കും പൊളിക്കലിനും കക്ഷികളായിരുന്നു.

5) അതിനാല്‍ ന്യായത്തിന്റെ ഭാഗത്ത് നിന്നാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും പള്ളി പൊളിക്കുകയും ചെയ്ത എല്ലാവരേയും വിചാരണയ്ക്കായി ഉള്‍പ്പെടുത്തിയത്.

2017 ഏപ്രില്‍ 19 ന് സുപ്രീംകോടതി ഇടപെടല്‍. ഗൂഢാലോചനക്കുറ്റം പിന്‍വലിച്ച അലഹാബാദ് ഹൈക്കോടതിയ്ക്ക് രൂക്ഷവിമര്‍ശനം. അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റുന്നു.

2017 മുതല്‍ കേസ് വീണ്ടും സജീവമാകുന്നു. അതിനിടെ രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിംഗിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. എന്നാല്‍ അടുത്തിടെ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞ കല്യാണ്‍ സിംഗിനെതിരെ വീണ്ടും കേസ് ആരംഭിക്കുന്നു.

27 വര്‍ഷം നീണ്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ബാല്‍ താക്കറെ, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, തുടങ്ങിയവര്‍ മരണപ്പെട്ടു. ഇതുവരെ 300 ലധികം സാക്ഷികളാണ് കേസില്‍ വിസ്തരിക്കപ്പെട്ടത്. സാക്ഷികളില്‍ 50 പേര്‍ ഇന്ന് ജീവനോടെയില്ല.

ഭൂമി തര്‍ക്കകേസില്‍ സുപ്രീംകോടതി വിധി വന്നതോടെ ഇനി കാത്തിരിക്കുന്നത് ബാബ്റി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയാണ്. ഇന്ത്യന്‍ മതേതരത്വത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ ബാബ്റി ധ്വംസനത്തിന് ചുക്കാന്‍ പിടിച്ചവര്‍ രാജ്യത്തിന്റെ ഭരണചക്രം തിരിച്ചിരുന്നവരും ഇപ്പോഴും തിരിക്കുന്നവരുമാണ്.