ഉമാഭാരതിയ്ക്ക് ഭൂമി പൂജയില്‍ പങ്കെടുക്കാം; അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിക്കും പങ്കെടുക്കാന്‍ ക്ഷണമില്ല
national news
ഉമാഭാരതിയ്ക്ക് ഭൂമി പൂജയില്‍ പങ്കെടുക്കാം; അദ്വാനിയ്ക്കും മുരളി മനോഹര്‍ ജോഷിക്കും പങ്കെടുക്കാന്‍ ക്ഷണമില്ല
ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 2:12 pm

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും, മുരളി മനോഹര്‍ ജോഷിക്കും ക്ഷണമില്ല. അതേസമയം മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതിയെയും മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിനും ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്.

മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അയച്ചിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബാബരി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച സി.ബി.ഐ കോടതിയില്‍ അദ്ദേഹത്തില്‍ നിന്നും മൊഴിയെടുത്തിരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചോദ്യം ചെയ്യല്‍.

നാലരമണിക്കൂര്‍ കൊണ്ട് അദ്ദേഹത്തോട് ആയിരം ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ കോടതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പി മുതിര്‍ന്ന നേതാക്കളിലൊരാളായ മുരളി മനോഹര്‍ ജോഷിക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ലക്‌നൗവിലെ സി.ബി.ഐ കോടതിയില്‍ ഇദ്ദേഹവും ഹാജരായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

മസ്ജിദ് പൊളിച്ച കേസിലെ പ്രധാന പ്രതിപ്പട്ടികയിലുള്‍പ്പെട്ട പ്രമുഖ ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, ഉമാഭാരതി എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇവരെ കൂടാതെ യു.പി മുന്‍മുഖ്യമന്ത്രി കൂടിയായ കല്യാണ്‍ സിംഗും ഭൂമി പൂജയില്‍ പങ്കെടുക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ