ടെഹ്‌റാന്‍: ആയത്തുല്ല അലി ഖാംനഇ ഫലസ്തീന് നല്‍കിയ പിന്തുണയ്ക്ക് ചരിത്രത്തില്‍ സമാനതകളില്ലെന്ന് ഇറാനിലെ ഹമാസ് നയതന്ത്ര പ്രതിനിധി ഒസാമ ഹംദാന്‍. ഇസ്രഈലി ഭരണകൂടത്തിനെതിരായ ചെറുത്തുനില്‍പിനെ ശക്തമാക്കാന്‍ ഖാംനഇയുടെ പിന്തുണ സഹായിച്ചതായും ഹംദാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഫലസ്തീന്‍ പ്രതിരോധത്തിനുള്ള പിന്തുണയില്‍ നിന്ന് ഖാംനഇ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. ഈ വിഷയത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ ദുര്‍ബലപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഫലസ്തീന്‍ വിഷയത്തോട് അദ്ദേഹം ആത്മാര്‍ത്ഥത പുലര്‍ത്തി. സാധാരണ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയേക്കാളും കൂടുതലായിരുന്നു ഖാംനഇയുടെ ഭാഗത്ത് നിന്നുള്ള പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ തുടരുന്നതിനിടെയാണ് ഹമാസ് നയതന്ത്ര പ്രതിനിധിയുടെ പ്രതികരണം. നിലവില്‍ ഇറാന്‍ തലസ്ഥാനം ടെഹ്‌റാനിലാണ് സംസ്‌കാര ചടങ്ങുകള്‍. ലക്ഷക്കണക്കിന് പേര്‍ ഖാംനഇക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ടെഹ്‌റാനിലെത്തിച്ചേര്‍ന്നിരുന്നു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഖാംനഇയുടെ മൃതദേഹം ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല സമുച്ഛയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നു. ഇന്നായിരുന്നു ടെഹ്‌റാനില്‍ അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര.
ശനിയാഴ്ച ആരംഭിച്ച സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച വരെ തുടരും. ടെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് ശേഷം ഖാംനഇയുടെ ഭൗതിക ശരീരം ഖോം നഗരത്തിലെത്തിക്കും. നജഫ്, കര്‍ബല നഗരങ്ങളിലും ചടങ്ങുകളുണ്ടാവും. മഷാദ് നഗരത്തിലെ റേസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് ഭൗതിക ശരീരം സംസ്‌കരിക്കുക.
ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഖാംനഇ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷമാണ് ഇപ്പോള്‍ സംസ്‌കാരച്ചടങ്ങുകള്‍. ജൂണ്‍ 13നായിരുന്നു സംസ്‌കാര ചടങ്ങുകളുടെ സമയക്രമം ഇറാന്‍ പ്രഖ്യാപിച്ചത്.
മാര്‍ച്ചില്‍ തന്നെ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇസ്രഈല്‍-യു.എസ് സഖ്യം ഇറാനെതിരെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.
ഖാംനഇക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകളും ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പമാണ് നടത്തുന്നത്.
Content Highlight: Ayatollah Khamenei’s commitment to Palestine unmatched in history: Hamas official