സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ പുറത്തായി. പ്രോട്ടിയാസിനെതിരെ ഇനി അവശേഷിക്കുന്ന രണ്ട് ടി-20 മത്സരങ്ങളാണ് താരത്തിന് നഷ്ടമാവുക. അസുഖം കാരണമാണ് താരം പരമ്പരയില്‍ നിന്ന് പുറത്തായതെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
അക്‌സര്‍ പട്ടേലിന് പകരമായി ഷഹ്ബാസ് അഹമ്മദ് ടീമിനൊപ്പം ചേരുമെന്നും ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ മത്സരത്തിലും അക്‌സര്‍ പട്ടേല്‍ കളിച്ചിരുന്നില്ല.
ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് അക്‌സര്‍ 44 റണ്‍സ് നേടുകയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ അക്‌സറിന്റെ പ്രകടനം സൗത്ത് ആഫ്രിക്കയെ 74 റണ്‍സിന് ഓള്‍ഔട്ടാക്കുന്നതില്‍ നിര്‍ണായകമാവുകയും ചെയ്തു.
പരമ്പരയിലെ നാലാമത്തെ മത്സരം ഡിസംബര്‍ 17ന് എകാന ക്രിക്കറ്റ് സ്റ്റേഡയത്തിലാണ് നടക്കുക. നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. അടുത്ത മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.