ഹാട്രിക് ചാമ്പ്യന്‍സ്; ട്രിപ്പിള്‍ ക്രൗണ്‍ കിരീടവുമായി നാലേ നാല് ഇന്ത്യന്‍ സിംഹങ്ങള്‍
T20 world cup
ഹാട്രിക് ചാമ്പ്യന്‍സ്; ട്രിപ്പിള്‍ ക്രൗണ്‍ കിരീടവുമായി നാലേ നാല് ഇന്ത്യന്‍ സിംഹങ്ങള്‍
ആദർശ് എം.കെ.
Tuesday, 10th March 2026, 4:00 pm

2026 ടി-20 ലോകകപ്പില്‍ കിരീടമണിഞ്ഞ് ഇന്ത്യ ടൂര്‍ണമെന്റിന്റെ ചരിത്രം തന്നെ തിരുത്തിയിരിക്കുകയാണ്. ലോകകപ്പില്‍ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടവും കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

ഇതോടെ രോഹിത് ശര്‍മയ്ക്ക് ശേഷം ഇന്ത്യയ്ക്കായി രണ്ട് ടി-20 ലോകകപ്പ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവും ബുംറയും അടക്കം ഒമ്പത് താരങ്ങളും ഇടം പിടിച്ചു.

ഇന്ത്യ ലോകകപ്പുമായി

ഇക്കൂട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് ഐ.സി.സി കിരീടം നേടുന്ന നാല് താരങ്ങളുമുണ്ട്. 2024 ടി-20 ലോകകപ്പിനും 2026 ടി-20 ലോകകപ്പിനും പുറമെ 2025 ചാമ്പ്യന്‍സ് ട്രോഫിയും നേടിയ താരങ്ങള്‍. ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മൂന്ന് കിരീടം നേടിയ താരങ്ങള്‍.

2024 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെ നാളത്തെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിച്ചത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169ല്‍ അവസാനിച്ചു.

രണ്ടാം കിരീടം

അപരാജിതരായി ടി-20 ലോകകപ്പ് നേടിയ അതേ മാസ്മരിക പ്രകടനം 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ആവര്‍ത്തിച്ചാണ് ഇന്ത്യ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. 2024ല്‍ ഇന്ത്യയെ കുട്ടിക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച രോഹിത്തിന് പുറമെ വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരും തുടര്‍ച്ചയായ രണ്ടാം കിരീടം ചൂടി.

ചാമ്പ്യന്‍സ് ട്രോഫിയുമായി ഇന്ത്യ

ഇതില്‍ നിന്ന് 2026ലേക്കെത്തിയപ്പോള്‍ ടി-20യില്‍ നിന്നും പടിയിറങ്ങിയ രോഹിത്തും വിരാടും ജഡ്ഡുവും ഒഴികെയുള്ള താരങ്ങള്‍ മൂന്നാം കിരീടത്തിലും മുത്തമിട്ടു.

 

Content Highlight: Axar Patel, Kuldeep Yadav, Arshdeep Singh and Hardik Pandya won 3 consecutive ICC trophies

 

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.