ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഇന്ത്യ.
മത്സരത്തില്‍ ഇന്ത്യക്കായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം പന്ത് കൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ത്ത ഓള്‍റൗണ്ടര്‍ ബാറ്റിങ്ങിലും കരുത്തുകാട്ടി. 9.5 ഓവര്‍ എറിഞ്ഞ് താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 6.31 എക്കോണമിയില്‍ പന്തെറിഞ്ഞ് 62 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.
ഇതിന് പുറമെ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറിയും അക്‌സര്‍ നേടി. 52 പന്തുകള്‍ നേരിട്ട താരം 57 റണ്‍സുമായി പുറത്താവാതെ നിന്നാണ് ടീമിന് വിജയം സമ്മാനിച്ചത്. ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അക്‌സർ പട്ടേൽ. Photo: BCCI/x.com
ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും അക്‌സര്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 50+ റണ്‍സും നാലില്‍ കൂടുതല്‍ വിക്കറ്റുകളും വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലേക്കാണ് ഓള്‍റൗണ്ടറുടെ എന്‍ട്രി. യുവരാജ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയും വാഴുന്ന റെക്കോഡിലാണ് അക്‌സര്‍ എത്തിച്ചേര്‍ന്നത്.