ഡാറ്റ്‌സണ്‍ ഗോ അടുത്ത വര്‍ഷം ആദ്യം
Big Buy
ഡാറ്റ്‌സണ്‍ ഗോ അടുത്ത വര്‍ഷം ആദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th July 2013, 2:54 pm

[]ഇരുപത്തിയേഴ്  വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജപ്പാന്‍ വാഹന ബ്രാന്‍ഡായ ഡാറ്റ്‌സന്റെ ആഗോളതിരിച്ചുവരവിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഡാറ്റ്‌സണ്‍ ബ്രാന്‍ഡില്‍ എത്തുന്ന ആദ്യ കോംപാക്ട് കാര്‍ ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ റെനോ  നിസാന്‍ സഖ്യത്തിന്റെ ചെയര്‍മാന്‍ കാര്‍ലോസ് ഗോണ്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് തലവന്‍ വിന്‍സന്റ് കോബി എന്നിവര്‍ അവതരിപ്പിച്ചു.[]

നാലു ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളുടെ വിപണിയിലും ശക്തമായ സാന്നിധ്യമുറപ്പിക്കാനാണ് ഡാറ്റ്‌സണ്‍ ബ്രാന്‍ഡിനെ ജപ്പാന്‍ കമ്പനി നിസാന്‍ അവതരിപ്പിക്കുന്നത്.

ഇന്ത്യയ്ക്കു പുറമേ റഷ്യ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ വളര്‍ന്നുവരുന്ന വാഹനവിപണിയിലും ഡാറ്റ്‌സണ്‍ മോഡലുകള്‍ അവതരിപ്പിക്കും.

നിലവില്‍ കെ 2 എന്ന രഹസ്യനാമമുള്ള അഞ്ചു സീറ്റര്‍ ഹാച്ച്ബാക്ക് ഡാറ്റ്‌സണ്‍ ഗോ എന്ന പേരിലാണ് അടുത്തവര്‍ഷം തുടക്കത്തില്‍ വില്‍പ്പനയ്‌ക്കെത്തുക. ഷെവര്‍ലെ ബീറ്റ്, മാരുതി വാഗണ്‍ ആര്‍, ഹ്യുണ്ടായി സാന്‍ട്രോ എന്നിവയോടാണ് ഈ മോഡല്‍ മത്സരിക്കുക.

നിസാന്റെ തന്നെ മൈക്ര ആക്ടിവ് എന്ന മോഡലിനെക്കാള്‍ വിലക്കുറവ് ഇതിനുണ്ടാകും. മൈക്രയുടെ 1.2 പെട്രോള്‍ എന്‍ജിന്റെ കരുത്തുകുറഞ്ഞ വകഭേദമാണ് ഗോയ്ക്ക് ഉപയോഗിക്കുക. മൈക്രയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഗോയ്ക്ക് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ്.

ആള്‍ട്ടോ 800 , ഹ്യുണ്ടായി ഇയോണ്‍ എന്നിവയോടു മത്സരിക്കുന്ന ഡാറ്റ്‌സണ്‍ മോഡല്‍ 2015 ല്‍ പുറത്തിറങ്ങും. ഐ 2 എന്നാണിതിന്റെ രഹസ്യനാമം. ഇതോടൊപ്പം ഒരു എംപിവി മോഡല്‍ പുറത്തിറക്കാനും നിസാനു പദ്ധതിയുണ്ട്.

ഫ്രഞ്ച് പങ്കാളിയായ റെനോയുടെ പിന്തുണ നിസാന്റെ പുതിയ നീക്കത്തിനുണ്ട്. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ  1.2 ശതമാനം ഓഹരി 2016 ഓടെ 10 ശതമാനമാക്കാനാണ് പുതിയ ബ്രാന്‍ഡ് അവതരണത്തിലൂടെ നിസാന്‍ ലക്ഷ്യമിടുന്നത്.

1931 ല്‍ ജപ്പാനിലെ ഡാറ്റ്‌മോട്ടോര്‍ കമ്പനിയുടെ പുതിയ കാര്‍ മോഡലിന്റെ പേരായിരുന്നു ഡാറ്റ്‌സണ്‍ ( Datson). അതുവരെ  പുറത്തിറക്കിയിരുന്ന ഡാറ്റ് കാറുകളെ അപേക്ഷിച്ച് പുതിയ മോഡലിനുള്ള വലുപ്പക്കുറവ് സൂചിപ്പിക്കുന്നതിനായിരുന്നു ആ പേര് ഉപയോഗിച്ചത്.

1934 ല്‍ നിസാന്‍ ഈ കമ്പനി ഏറ്റെടുത്തപ്പോള്‍ ഡാറ്റ്‌സണിന്റെ സ്‌പെല്ലിങ്  മാറ്റി. മകന്‍ എന്നര്‍ഥമുള്ള സണ്ണിന് ജപ്പാന്‍ ഭാഷയില്‍ നഷ്ടം എന്നും അര്‍ഥമുള്ളതിനാല്‍ സൂര്യന്‍ എന്ന് അര്‍ഥമുള്ള സണ്‍ ഉപയോഗിച്ചു  Datsun.

ജപ്പാന്‍കാരുടെ ദേശീയപതാകയിലെ സൂര്യനുമായും അവരതിനു ബന്ധം കണ്ടു. 510 സെഡാന്‍ , ഫെയര്‍ ലേഡി റോഡ്സ്റ്റര്‍ , ഫെയര്‍ലേഡി കൂപ്പെ എന്നിവ വില്‍പ്പന വിജയം നേടിയ ഡാറ്റ്‌സണ്‍ മോഡലുകളാണ്. 1986 മാര്‍ച്ചില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് നിസാന്‍ അവസാനിപ്പിച്ചു.

Autobeatz