'ഇത് ഞങ്ങളുടെ നാടാണ്, ഞാനെന്തിന് ഹിന്ദിയില്‍ സംസാരിക്കണം';യാത്രക്കാരോട് ഓട്ടോ ഡ്രൈവര്‍; വീഡിയോ
national news
'ഇത് ഞങ്ങളുടെ നാടാണ്, ഞാനെന്തിന് ഹിന്ദിയില്‍ സംസാരിക്കണം';യാത്രക്കാരോട് ഓട്ടോ ഡ്രൈവര്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 2:00 pm

ബെംഗളൂരു: കര്‍ണാടകയില്‍ ഓട്ടോറിക്ഷാ ഡ്രൈവറും യാത്രക്കാരും തമ്മില്‍ ഹിന്ദി സംസാരിക്കുന്നതിനെ ചൊല്ലി തര്‍ക്കിക്കുന്ന വീഡിയോ പുറത്ത്. യാത്രക്കാരായ സ്ത്രീകള്‍ ഡ്രൈവറോട് ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നതും അദ്ദേഹം അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് തര്‍ക്കിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇത് കര്‍ണാടകയാണെന്നും ഇവിടെ കന്നട സംസാരിക്കണമെന്നും ഡ്രൈവര്‍ പറയുന്നതും കാണാന്‍ കഴിയുന്നുണ്ട്.

യാത്രക്കാര്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ഡ്രൈവറെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

കന്നടക്കാരനായ ഡ്രൈവറോട് ഹിന്ദിയില്‍ സംസാരിക്കാന്‍ യുവതികള്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന് കാരണം. അതിന് വിസമ്മതിച്ച ഡ്രൈവര്‍ ഇത് കര്‍ണാടകയാണ്, ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണമെന്നാണ് തിരിച്ച് ചോദിച്ചത്.

ഇതിന് മറുപടിയായി ഞങ്ങള്‍ ഹിന്ദിക്കാരാണെന്നും കന്നടയില്‍ സംസാരിക്കില്ലെന്നും യുവതി മറുപടി പറയുന്നുണ്ട്. ഇതോടെ വണ്ടി നിര്‍ത്തിയ ഡ്രൈവര്‍ ഇത് ഞങ്ങളുടെ നാടാണെന്നും നിങ്ങളുടെ നാടല്ലെന്നും വേണമെങ്കില്‍ കന്നടയില്‍ സംസാരിക്കൂ എന്നും പറഞ്ഞ് വണ്ടിയെടുത്ത് പോവുന്നതും കാണാം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോടുള്ള കര്‍ണാടകക്കാരുടെ പ്രതിഷേധമെന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നിരിക്കെ എന്തിനാണ് ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതെന്നും ഓരോരുത്തര്‍ക്കും അവരുടെ ഭാഷ സംസാരിക്കാനുള്ള അവകാശമുണ്ടെന്നും വീഡിയോ പങ്കുവെച്ചവരില്‍ ഒരാള്‍ പറഞ്ഞു.

എന്നാല്‍ ഹിന്ദിക്കാര്‍ക്കെതിരെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടക്കുന്ന അതിക്രമങ്ങളുടെ നേര്‍ക്കാഴ്ച്ചയാണിതെന്നും പ്രതിഷേധിക്കണമെന്നും പറഞ്ഞാണ് നോര്‍ത്തിന്ത്യന്‍ ഗ്രൂപ്പുകളില്‍ വീഡിയോ പ്രചരിക്കുന്നത്.

രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് നടന്‍ പ്രകാശ് രാജും കര്‍ണാടകയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു സംസ്ഥാനത്തും ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും കന്നടക്കാരനായ എനിക്ക് കന്നട സംസാരിക്കാനുള്ള അവകാശമുണ്ടെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

Content Highlight: Auto driver in Karnataka angry on passangers