എന്റെ മരണത്തിന് ഏക ഉത്തരവാദി എം.വി.ഡി; ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ജീവനൊടുക്കി ഓട്ടോ ഡ്രൈവര്‍
Kerala
എന്റെ മരണത്തിന് ഏക ഉത്തരവാദി എം.വി.ഡി; ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ ജീവനൊടുക്കി ഓട്ടോ ഡ്രൈവര്‍
റെന്വര്‍ പി
Thursday, 27th August 2026, 4:27 pm

മലപ്പുറം: തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് മാത്രമാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി. മലപ്പുറം മുണ്ടപറമ്പ് സ്വദേശി ഷൗക്കത്താണ് ജീവനൊടുക്കിയത്.

തന്റെ വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കി ലഭിക്കാനായി മാസങ്ങളോളം എം.വി.ഡി ഓഫീസിലും ഏജന്റുമാരുടെ അടുത്തും പല തവണ പോയെങ്കിലും അത് പുതുക്കി ലഭിച്ചില്ലെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൈക്കൂലി കൊടുത്തില്ല എന്ന കാരണം കൊണ്ട് എം.വി.ഡി തന്റെ ജീവിത മാര്‍ഗം തകര്‍ത്തു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ തന്റെ വരുമാനം നിലക്കുകയും ഇ.എം.ഐ മുടങ്ങുകയും ചെയ്‌തെന്നും ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് മാത്രമാണെന്നും കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവര്‍ തന്റെ ജീവിത മാര്‍ഗം തന്നെ തകര്‍ത്തുവെന്നും ഇന്ന് (ഓഗസ്റ്റ് 27, വ്യാഴം) ഷൗക്കത്ത് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

‘കഴിഞ്ഞ പത്തു മാസമാണ് ഞാന്‍ ഏജന്റ്, എം.വി.ഡി ഓഫീസുകള്‍ കയറി ഇറങ്ങിയത്. ഇനി എന്റെ മുന്‍പില്‍ മറ്റു മാര്‍ഗങ്ങളില്ല. എന്റെ ഇ.എം.ഐ മുഴുവന്‍ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോര്‍ 820ല്‍ നിന്ന് 600ലേക്ക് താഴ്ന്നു,’ ഷൗക്കത്ത് കുറിച്ചു. ഈ കാര്യങ്ങളെ കുറിച്ച് താന്‍ മുന്‍ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറഞ്ഞിരുന്നുവെന്നും ഷൗക്കത്ത് പറഞ്ഞു.

അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കില്‍ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യന്‍ സിറ്റിസണ്‍ എന്ന നിലയില്‍ നിങ്ങള്‍ ഓരോരുത്തരും ചെയ്യേണ്ടതെന്നും ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാല്‍ മരണത്തിന് ശേഷം ഇന്ത്യന്‍ നിയമം അനുസരിച്ചു എന്റെ കേസ് നടത്താന്‍ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തില്‍ നിന്നും നീതി കിട്ടാന്‍ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങള്‍ ഓരോരുത്തരും ശബ്ദമുയര്‍ത്തുക എന്നത് മാത്രമാണ് പോംവഴി,’ ഷൗക്കത്ത് പറഞ്ഞു.

ഒരു പക്ഷെ സര്‍ക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കില്‍ തനിക്ക് ആവശ്യമുള്ള രേഖകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാല്‍ തന്നെ സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ ആത്മാഹുതിയെന്നും ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവര്‍ത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കില്‍ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാല്‍ ഞാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു അഴിമതിക്കെതിരെ പോരാടാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു.

എന്റെ വിഷയത്തില്‍ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കില്‍ ഒരു അഴിമതിക്കാരായ എം.വി.ഡി ഉദ്യോഗസ്ഥര്‍ തീര്‍ച്ചയായും രക്ഷപ്പെടും. കാരണം അവര്‍ ഉന്നയിക്കുന്ന വാദം തന്റെ വണ്ടി അണ്‍ഫിറ്റ് ആണെന്നതായിരിക്കും. ഞാന്‍ ചെയ്ത സ്റ്റീല്‍ വര്‍ക്ക് നിയമ വിരുദ്ധം അല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സര്‍ട്ടിഫൈ ചെയ്തതും പ്രസ്തുത എം.വി.ഡി തന്നെയാണ്.

ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികള്‍ക്കും ഫിറ്റ്‌നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീല്‍ വര്‍ക്ക് ഇല്ല എന്നുമുള്ള വാദങ്ങളും എം.വി.ഡി ഉന്നയിക്കാന്‍ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാന്‍ നല്ല രീതിയില്‍ അന്വേഷണം നടന്നാല്‍ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയില്‍ പറയുന്നു,’ ഷൗക്കത്ത് കുറിച്ചു.

‘ഏജന്റ് സംവിധാനമാണ് എം.വി.ഡി അഴിമതിയുടെ പ്രധാന കാരണം. ഇത് അവസാനിച്ചാല്‍ 80ശതമാനം അഴിമതിയും വകുപ്പില്‍ അവസാനിക്കും. അതിന് എന്റെ ജീവന്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിങ്ങളെ പ്രധാനമായും സഹായിക്കാന്‍ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയില്‍ ചോദ്യം ചോദിച്ചാല്‍ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും,’ ഷൗക്കത്ത് കുറിച്ചു.

(കുറിപ്പ്‌: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുക: 1056, 04712552056 )

Content Highlight: Auto Driver From Malappuram Commited Suicide After Writing Facebook post Against MVD, Kerala

 

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.