'പുതിയവര്‍ വരട്ടെ'; ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്
Cricket
'പുതിയവര്‍ വരട്ടെ'; ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 10th September 2022, 1:24 pm

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രാഖ്യാപിച്ച് ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച്. ഞായറാഴ്ച ന്യൂസീലന്‍ഡിനെതിരായി നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരം തന്റെ രാജ്യാന്തര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് ഫിഞ്ച് അറിയിച്ചു.

ഓസിട്രേലിയക്കായി ചില മികച്ച ഏകദിന ടൂര്‍ണമെന്റുകളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അങ്ങേയറ്റം ഭാഗ്യവാനാണെന്നും ഫിഞ്ച് ഔദ്യോഗിക പ്രസ്താവനയിലൂടെ പറഞ്ഞു.

‘വിശ്വസിക്കാനാകാത്ത നല്ല ഓര്‍മകള്‍ സമ്മാനിച്ച ഒരു മികച്ച യാത്ര ആയിരുന്നു ഇത്. അടുത്ത ലോകകപ്പിന് തയ്യാറെടുക്കാനും വിജയിക്കാനും ടീമിന് പുതിയ നായകന്റെ ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ വിരമിക്കാനുള്ള തീരുമാനമെടുക്കുന്നത്,’ ഫിഞ്ച് പറഞ്ഞു.

ഓസ്‌ട്രേലിയക്കായി 145 ഏകദിനങ്ങളില്‍ ജേഴ്സിയണിഞ്ഞ ഫിഞ്ച് 39.14 ശരാശരിയില്‍ 5,401 റണ്‍സ് നേടിയിട്ടുണ്ട്. 17 സെഞ്ചുറികളും 30 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. 153 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2015ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ ഫിഞ്ച് അംഗമായിരുന്നു. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്നാണ് ഫിഞ്ച് ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനത്ത് എത്തിയത്. 2019ലെ ഏകദിന ലോകകപ്പില്‍ ഫിഞ്ചിന്റെ നേതൃത്വത്തില്‍ ഓസീസ് ടീമിനെ സെമിയിലെത്തിക്കാനായിരുന്നു. 2021ല്‍ ഓസ്ട്രേലിയ അവരുടെ ആദ്യ ഐ.സി.സി പുരുഷ ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഫിഞ്ചായിരുന്നു ക്യാപ്റ്റന്‍. 2020ല്‍ ഏറ്റവും മികച്ച ഓസ്‌ട്രേലിയന്‍ ഏകദിന താരത്തിനുള്ള പുരസ്‌കാരവും ഫിഞ്ച് നേടിയിട്ടുണ്ട്.

 

ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ മുപ്പത്തഞ്ചുകാരനായ ഫിഞ്ച് തന്നെയാകും ഓസീസ് ടീമിനെ നയിക്കുക.

അതേസമയം, ഈ അടുത്തകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഫോം കണ്ടെത്താന്‍ ഫിഞ്ച് പാടുപെടുകയായിരുന്നു. അവസാന 13 ഏകദിനങ്ങളില്‍ നിന്നായി വെറും 169 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. അതില്‍ അഞ്ചെണ്ണത്തില്‍ പൂജ്യത്തിന് പുറത്താകുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് വിരമിക്കല്‍ പ്രഖ്യാപനം.

CONTENT HIGHLIGHTS: Australian player Aaron Finch has announced his retirement from international one-day cricket