ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു 'കോളനൈസര്‍'; സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിഷേധവുമായി ഓസ്‌ട്രേലിയന്‍ സെനറ്റര്‍
World News
ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഒരു 'കോളനൈസര്‍'; സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിഷേധവുമായി ഓസ്‌ട്രേലിയന്‍ സെനറ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st August 2022, 1:45 pm

സിഡ്‌നി: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ കോളനൈസര്‍ എന്ന് വിശേഷിപ്പിച്ച് അബൊറിജിനല്‍ ഓസ്‌ട്രേലിയന്‍ എം.പി ലിഡിയ തോര്‍പ്.

സെനറ്ററായി അധികാരമേറ്റുകൊണ്ട് ഫെഡറല്‍ പാര്‍ലമെന്റില്‍ വെച്ച് സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെയായിരുന്നു എലിസബത്ത് രാജ്ഞി ഒരു കോളനൈസിങ് രാജ്ഞിയാണെന്ന് (colonising queen) ലിഡിയ തോര്‍പ് പറഞ്ഞത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഗ്രീന്‍സ് സെനറ്ററായി തോര്‍പ് സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഒട്ടും താല്‍പര്യമില്ലാതെ, കളിയാക്കുന്ന ഭാഷയില്‍, ‘ബ്രിട്ടീഷ് രാജ്ഞിയോട് വിശ്വസ്തതയും കൂറുമുള്ളവളായിരിക്കുമെന്ന’ സത്യപ്രതിജ്ഞാ വാചകവും തോര്‍പ് പറയുന്നുണ്ട്. ‘ബ്ലാക്ക് പവര്‍ സല്യൂട്ട്’ ചെയ്തുകൊണ്ട് തന്റെ വലതുമുഷ്ടി ഉയര്‍ത്തിപ്പിടിച്ചും ലിഡിയ തോര്‍പ് ബ്രിട്ടീഷ് രാജ്ഞിയോടുള്ള തന്റെ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.

”ഞാന്‍, പരമാധികാരിയായ ലിഡിയ തോര്‍പ് എന്ന ഞാന്‍, കോളനിവല്‍ക്കരിക്കുന്ന, കോളനൈസറായ എലിസബത്ത് രാജ്ഞിയോട് യഥാര്‍ത്ഥ വിശ്വസ്തതയും കൂറുമുള്ളവളായിരിക്കുമെന്ന് ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും സത്യപ്രതിജ്ഞ ചെയ്യുന്നു,” എന്നായിരുന്നു പരിഹാസരൂപത്തില്‍ ലിഡിയ തോര്‍പ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്.

”സെനറ്റര്‍ തോര്‍പ്, കാര്‍ഡില്‍ അച്ചടിച്ച് വെച്ചത് പോലെയാണ് നിങ്ങള്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലേണ്ടത്,” എന്ന് ചേംബറിന്റെ പ്രസിഡന്റ് സ്യൂ ലൈന്‍സ് ഇതിനിടെ പറയുന്നുണ്ട്. സെനറ്റ് ഉദ്യോഗസ്ഥരും തോര്‍പിനെ സത്യപ്രതിജ്ഞാ നടപടിയുടെ പേരില്‍ ശാസിച്ചു.

പിന്നീട് കാര്‍ഡില്‍ പ്രിന്റ് ചെയ്തത് പ്രകാരം സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊണ്ട് തോര്‍പ് അധികാരമേല്‍ക്കുകയും ചെയ്തു.

സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ‘പരമാധികാരം ഒരിക്കലും വിട്ടുകൊടുത്തിട്ടില്ല’ (Sovereignty never ceded) എന്നും തോര്‍പ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

അബൊറിജിനല്‍ (ആദിവാസി) ഓസ്‌ട്രേലിയക്കാരുടെ ഭൂമിയിന്മേലുള്ള ചരിത്രപരമായ ഉടമസ്ഥാവകാശത്തെ നിയമപരമായി അംഗീകരിക്കുന്ന ഒരു ‘ഉടമ്പടി’ക്കും ഇന്റിജിനസ് ആക്ടിവിസ്റ്റ് കൂടിയായ തോര്‍പ് ആഹ്വാനം ചെയ്തിട്ടുണ്ട്.

96കാരിയായ എലിസബത്ത് രാജ്ഞിയാണ് ഓസ്‌ട്രേലിയയുടെ ഹെഡ് ഓഫ് സ്‌റേറ്റ് അഥവാ രാഷ്ട്രത്തലവന്‍.

100 വര്‍ഷത്തിലധികം ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഈ സമയത്ത് ആയിരക്കണക്കിന് അബൊറിജിനല്‍ ഓസ്‌ട്രേലിയക്കാര്‍ കൊല്ലപ്പെടുകയും നിരവധി കമ്യൂണിറ്റികള്‍ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

1901ല്‍ ഓസ്‌ട്രേലിയ ഔദ്യോഗികമായി സ്വാതന്ത്യം നേടിയെങ്കിലും ഒരിക്കലും ഒരു സമ്പൂര്‍ണ റിപബ്ലിക്കായി മാറിയിരുന്നില്ല. പിന്നീട് 1999ല്‍ എലിസബത്ത് രാജ്ഞിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിനെതിരെ ഓസ്ട്രേലിയക്കാര്‍ വോട്ട് ചെയ്തു.

രാജ്ഞിക്ക് പകരക്കാരനെ തെരഞ്ഞെടുക്കുന്നത് പൊതുജനങ്ങളല്ല മറിച്ച് പാര്‍ലമെന്റ് അംഗങ്ങളാണോ അല്ലയോ എന്നത് സംബന്ധിച്ച തര്‍ക്കം നടക്കുന്നതിനിടെയായിരുന്നു വോട്ടെടുപ്പ്.

ഓസ്‌ട്രേലിയ ഒരു സമ്പൂര്‍ണ റിപബ്ലിക് ആകണം എന്ന കാര്യത്തില്‍ അനുകൂല നിലപാടാണ് ഭൂരിഭാഗം ഓസ്‌ട്രേലിയക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വോട്ടെടുപ്പ് ഫലം കാണിക്കുന്നതെങ്കിലും രാഷ്ട്രത്തലവനെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടായിരുന്നില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ആന്റണി അല്‍ബനീസ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയായിരുന്നു.

Content Highlight: Australian MP Slams Britain’s Queen Elizabeth as Colonising Queen while taking oath as senator