പാഡഴിക്കാന്‍ ഓസീസ് സൂപ്പര്‍ താരം; അവസാന ആട്ടമാടുക സിഡ്നി ടെസ്റ്റില്‍!
Cricket
പാഡഴിക്കാന്‍ ഓസീസ് സൂപ്പര്‍ താരം; അവസാന ആട്ടമാടുക സിഡ്നി ടെസ്റ്റില്‍!
ഫസീഹ പി.സി.
Friday, 2nd January 2026, 9:11 am

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങി ഓസ്ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജ. 15 വര്‍ഷത്തിന്റെ നീണ്ട കരിയറിന് വിരാമമിട്ടാണ് താരത്തിന്റെ പടിയിറക്കം. 2025 – 26 സീസണിലെ ആഷസിലെ അഞ്ചാം ടെസ്റ്റിലായിരിക്കും താരം അവസാനമായി ബാറ്റേന്തുക.

സിഡ്നിയില്‍ നടക്കുന്ന പരമ്പരയിലെ അവസാന മത്സരമായിക്കും തന്റെയും അവസാന മത്സരമെന്ന് ഖവാജ അറിയിക്കുകയായിരുന്നു. വാര്‍ത്ത സമ്മേളനത്തില്‍ വൈകാരികമായാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളെയും നേരിട്ട വിമര്‍ശനങ്ങളെയും കുറിച്ച് പറഞ്ഞാണ് താരം കരിയര്‍ അവസാനിപ്പിക്കുന്ന വിവരം ക്രിക്കറ്റ് ലോകത്തോട് അറിയിച്ചത്.

ഉസ്മാന്‍ ഖവാജ. Photo: cricmawa/x.com

‘സിഡിനി ടെസ്റ്റിന് ശേഷം ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്‌ലിം പയ്യന് ഒരിക്കലും ഓസ്ട്രേലിയന്‍ ടീമില്‍ കളിക്കാന്‍ കഴിയില്ലെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്നെ നോക്കൂ.

എന്റെ കരിയറില്‍ ഒപ്പമുണ്ടായിരുന്നവരോടും അവര്‍ നല്‍കിയ പാഠങ്ങള്‍ക്കും നന്ദിയുള്ളവനായാണ് ഞാന്‍ മടങ്ങുന്നത്. എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചതിനും അത് എന്നോടൊപ്പം പങ്കിട്ടതിനും എല്ലാവര്‍ക്കും നന്ദി,’ ഖവാജ പറഞ്ഞു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ആദ്യ മുസ്‌ലിം ക്രിക്കറ്ററാണ് തന്റെ പാഡഴിക്കാൻ ഒരുങ്ങുന്നത്. പാകിസ്ഥാനിലെ ഇസ്ലാമബാദിൽ ജനിച്ച ഖവാജ ഓസ്‌ട്രേലിയയിലാണ് വളർന്നത്. 2011ൽ അരങ്ങേറ്റം കുറിച്ച ഓപ്പണർ തന്റെ 88ാം ടെസ്റ്റിൽ കളിച്ചാണ് ക്രിക്കറ്റിനോട് വിട ചൊല്ലുന്നത്.

ഈ വിടവാങ്ങൽ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഖവാജ താൻ ആദ്യമായി ഒരു ടെസ്റ്റ് മത്സരം കാണുകയും ഫസ്റ്റ് ക്ലാസിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച അതേ വേദിയിൽ തന്നെയാണ് വിരമിക്കലിന് ഒരുങ്ങുന്നത്. ഇതുവരെ 39കാരൻ 157 ഇന്നിങ്സിൽ നിന്ന് 6206 റൺസ് നേടിയിട്ടുണ്ട്.

ഖവാജ 16 സെഞ്ച്വറികളും 28 അർധ സെഞ്ച്വറികളും നേടിയാണ് ഇത്രയും റൺസ് സ്കോർ ചെയ്‌തത്‌. 43.1 എന്ന മികച്ച ആവറേജും താരത്തിനുണ്ട്.

ടെസ്റ്റിന് പുറമെ ഖവാജ ഓസീസിനായി ഏകദിനത്തിലും ടി -20യിലും ഇറങ്ങിയിട്ടുണ്ട്. ഏകദിനത്തിൽ താരം 40 മത്സരങ്ങളിൽ കളിച്ച് 1554 റൺസാണ് തന്റെ അക്കൗണ്ടിലെത്തിച്ചത്. ഒപ്പം രണ്ട് സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും താരം സ്കോർ ചെയ്തിട്ടുണ്ട്.

ഉസ്മാന്‍ ഖവാജ. Photo: Johns/x.com

ടി- 20യിൽ ഒമ്പത് മത്സരങ്ങളിൽ മാത്രമാണ് ഖവാജ കളത്തിൽ ഇറങ്ങിയത്. അതിൽ നിന്ന് 241 റൺസാണ് സ്കോർ ചെയ്തത്. 132.41 സ്ട്രൈക്ക് റേറ്റ് ഈ ഫോർമാറ്റിൽ ബാറ്റ് ചെയ്ത താരത്തിന് ഒരൊറ്റ അർധ സെഞ്ച്വറിയാനുള്ളത്.

Content Highlight: Australian Cricketer Usman Khawaja confirm he will retire after SCG Test of Ashes

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി