മെല്‍ബണിലെ ഇസ്രഈല്‍ റെസ്റ്റോറന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ കേസ്
Trending
മെല്‍ബണിലെ ഇസ്രഈല്‍ റെസ്റ്റോറന്റിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 9:06 pm

മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇസ്രഈല്‍ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിന് മുന്നില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധം. 20 ഓളം പ്രതിഷേധക്കാരാണ് ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്. അല്‍ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം, വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

50 വയസുകാരനും 48 ഉം 28 ഉം വയസുള്ള രണ്ട് സ്ത്രീകള്‍ക്കുമെതിരെയാണ് കേസെടുത്തത്. കലാപം, കലാപ സ്വഭാവമുള്ള പ്രവൃത്തികള്‍, ക്രിമിനല്‍ നാശനഷ്ടങ്ങള്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിക്ടോറിയ പൊലീസിന്റേതാണ് നടപടി.

മെല്‍ബണിലെ മിസ്നോണില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രഈലി വ്യവസായി ഷഹര്‍ സെഗാലിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറേറ്റിന് നേരെയാണ് പ്രതിഷേധമുണ്ടായത്. ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിയാണ് സെഗാല്‍.

പ്രതിഷേധം സംഘര്‍ഷത്തിലാണ് അവസാനിച്ചതെന്ന് വിക്ടോറിയ പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനിടെ റെസ്റ്റോറേറ്റിന്റെ ഗ്ലാസുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും കെട്ടിടത്തിലുണ്ടായിരുന്ന കസേരകള്‍ ഇരുകൂട്ടരും ചേര്‍ന്ന് അടിച്ചുപൊട്ടിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആക്ടിവിസ്റ്റ് ഗ്രൂപ്പായ വിസില്‍ബ്ലോവേഴ്സ്, ആക്ടിവിസ്റ്റ്സ് ആന്‍ഡ് കമ്മ്യൂണിറ്റീസ് അലയന്‍സ് എന്നിവര്‍ സംയുക്തമായാണ് റെസ്റ്റോറന്റിലേക്ക് പ്രതിഷേധം നടത്തിയത്. സമാധാനപരമായാണ് പ്രതിഷേധം നടന്നതെന്നും റെസ്റ്റോറന്റ് ജീവനക്കാരുടെ പെരുമാറ്റമാണ് സംഘര്‍ഷത്തിന് കാരണമായതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

2024 മുതല്‍ ഈ കമ്പനിക്കെതിരെ രാജ്യത്തെ ഫലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്ന ഓസ്ട്രേലിയന്‍ കമ്പനിക്കെതിരെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സിഡ്നിയില്‍ നിന്ന് ഇസ്രഈലിലേക്ക് ആയുധങ്ങള്‍ കയറ്റിയയക്കുന്ന ഓസ്ട്രേലിയന്‍ കമ്പനിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.

നൂറോളം പ്രതിഷേധക്കാരാണ് ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതിയില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. അറസ്റ്റിനിടെ ഒരു സ്ത്രീയുടെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു.

അടുത്തിടെ ഇസ്രഈലിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും വിമര്‍ശിച്ചതിന്റെ പേരില്‍, ഇസ്രഈല്‍ അനുകൂലികളുടെ നിര്‍ദേശമനുസരിച്ച് ഒരു പത്രപ്രവര്‍ത്തകയെ സ്ഥാപനം നിയമവിരുദ്ധമായി പിരിച്ചുവിട്ടതായി ഓസ്ട്രേലിയയിലെ ഫെഡറല്‍ കോടതി കണ്ടെത്തിയിരുന്നു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ ക്യൂ നില്‍ക്കുന്നതിനിടെ 743 പലസ്തീനികള്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും 4,891ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ 2023 ഒക്ടോബര്‍ ഏഴിന് ഗസയില്‍ ആരംഭിച്ച ഇസ്രഈല്‍ യുദ്ധത്തില്‍ 57,523 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 136,617 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Content Highlight: Case filed over pro-Palestinian march to Israeli restaurant in Melbourne