ആഷസ് പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തേയും ടെസ്റ്റ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 211 റണ്‍സ് എടുത്തിട്ടുണ്ട്. ഹാരി ബ്രൂക്ക് (92 പന്തില്‍ 78), ജോ റൂട്ട് (103 പന്തില്‍ 72) എന്നിവരാണ് ക്രീസിലുള്ളത്.
അഞ്ചാം ടെസ്റ്റില്‍ കളത്തിലിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഓസ്ട്രേലിയന്‍ ടീമാണ്. പരമ്പരയില്‍ ഇതുവരെയില്ലാത്ത മാറ്റവുമായാണ് ആതിഥേയര്‍ സിഡ്നിയില്‍ കളത്തില്‍ ഇറങ്ങിയത്. ഈ ടെസ്റ്റില്‍ തങ്ങളുടെ പരമ്പരാഗത ബാഗി ഗ്രീനിന് പകരം കങ്കാരുക്കള്‍ ബാഗി പിങ്ക് തൊപ്പി ധരിച്ചാണ് എത്തിയത്.
പിങ്ക് തൊപ്പി ധരിച്ച് പാറ്റ് കമ്മിൻസ്. Photo: Cricket Australia
ഇത് ആദ്യമായല്ല ഓസീസ് ബാഗി പിങ്കില്‍ ടെസ്റ്റിനെത്തുന്നത്. എല്ലാ കലണ്ടര്‍ വര്‍ഷവും തങ്ങളുടെ ആദ്യ ടെസ്റ്റില്‍ കങ്കാരുക്കള്‍ തങ്ങളുടെ ഐകോണിക്ക് ഗ്രീനിന് പകരം പിങ്ക് തൊപ്പി ധരിച്ച് മത്സരത്തിന് എത്താറുണ്ട്. അതിനാല്‍ തന്നെ ഈ ടെസ്റ്റിനെ പിങ്ക് ടെസ്റ്റ് എന്നാണ് വിളിക്കാറുള്ളത്.
ഇങ്ങനെ പിങ്ക് കളറിലെത്താന്‍ ഓസീസ് ടീമിന് ഒരു കാരണമുണ്ട്. സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് കാന്‍സറിന്റെ ബോധവത്കരണത്തിനും മഗ്രാത് ഫൗണ്ടേഷനെ സഹായിക്കുന്നതിനുമായാണ് ഇങ്ങനെ കങ്കാരുക്കള്‍ ‘നിറം മാറുന്നത്’.
അതേസമയം, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ അഞ്ചാമത്തെ മത്സരത്തിന് വലിയ പ്രാധാന്യമില്ലെങ്കിലും സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയുടെ വിരമിക്കല്‍ മത്സരമെന്ന നിലയില്‍ ഇത് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
Content Highlight: Australia playing 5th test of Ashes wearing baggy pink for breast cancer awareness