ഒമാനെ ചാരമാക്കി കങ്കാരുപ്പട; പ്രതീക്ഷകളെല്ലാം തെറ്റി 'ക്യാപ്റ്റനും'
Cricket
ഒമാനെ ചാരമാക്കി കങ്കാരുപ്പട; പ്രതീക്ഷകളെല്ലാം തെറ്റി 'ക്യാപ്റ്റനും'
ശ്രീരാഗ് പാറക്കല്‍
Friday, 20th February 2026, 10:05 pm

ടി-20 ലോകകപ്പ് 2026ല്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ. ശ്രീലങ്കയിലെ പല്ലെക്കേലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് 16.2 ഓവറില്‍ 104 റണ്‍സിന് ഓള്‍ ഒട്ട് ആവുകയായിരുന്നു ഒമാന്‍.

മറുപടിക്കിറങ്ങിയ ഓസീസ് വെറും 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഓസീസിനായി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 33 പന്തില്‍ നിന്ന് പുറത്താകാതെ 64 റണ്‍സാണ് താരം അടിച്ചത്. നാല് സിക്‌സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് 19 പന്തില്‍ 33 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഷക്കീല്‍ അഹമ്മദാണ് താരത്തെ പുറത്താക്കിയത്. താരത്തിന് പുറമെ ജോഷ് ഇംഗ്ലിസ് ആറ് പന്തില്‍ 12 റണ്‍സും നേടി പുറത്താകാതെനിന്നു.

അതേസമയം ഒമാന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് 33 പന്തില്‍ 32 റണ്‍സ് നേടിയ വസീം അലിയാണ്. ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് 17 റണ്‍സിന് പുറത്തായി. ഹമ്മദ് മിര്‍സയെ 16 റണ്‍സിലും ഓസീസ് കുരുക്കി.

ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ആദം സാംപയാണ്. 3.2 ഓവറില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, സേവിയര്‍ ബാര്‍ട്‌ലറ്റ് എന്നിവര്‍ രണ്ട് വിക്കറ്റേ നേടിയപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയിനിസ്, നഥാന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അതേസമയം മത്സരത്തിന് മുന്നേ ഒമാന്റെ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഓസ്‌ട്രേലിയന്‍ ടീമിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തങ്ങള്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തുമെന്നും ഇതാണ് അതിന് പറ്റിയ സമയമെന്നുമാണ് സിങ് പറഞ്ഞത്. എന്നാല്‍ ഒമാന്‍ ക്യാപ്റ്റന്റെ പ്രതീക്ഷകളെല്ലാം തച്ചുടച്ചാണ് ഓസീസ് മുന്നേറിയത്.

‘നൂറ് ശതമാനവും ഇതൊരു അവസരം തന്നെയാണ്, കൂടാതെ ഞങ്ങള്‍ ആ അവസരം മുതലാക്കാന്‍ തന്നെയാണ് ഒരുങ്ങുന്നതും. കാരണം ടി-20യെന്നത് മൊമെന്റത്തിന്റെയും മൊമന്റുകളുടെയും ഗെയ്മാണ്. നിങ്ങള്‍ ആ നിമിഷം കൃത്യമായി മുതലെടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്കെന്തും ചെയ്യാന്‍ സാധിക്കും.

ഓസ്ട്രേലിയ ഈ നിമിഷം അത്രകണ്ട് മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഇതാണ് അവരെ തകര്‍ക്കാന്‍ പറ്റിയ സമയം. ടീം തീര്‍ത്തും പോസിറ്റീവ് മനോഭാവത്തോടെയാണുള്ളത്. തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഓസീസിനെതിരായ മത്സരത്തിനായി കാത്തിരിക്കുകയാണ്,’ ജതീന്ദര്‍ സിങ് പറഞ്ഞു.

താരത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ ഒമാന്‍ നായകനെ വിമര്‍ശിച്ചും പിന്തുണച്ചും ആരാധകരെത്തിയിരുന്നു.

Content Highlight: Australia defeats Oman in Their Last match In T20 World Cup 2026

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ