ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി തിരിച്ചെത്തി സ്റ്റീവ് സ്മിത്ത്. ആഷസിലെ നാലാം ടെസ്റ്റില്‍ താരമായിരിക്കും നയിക്കുക. ഇന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തിറിക്കിയ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോഴാണ് താരം സ്മിത്ത് വീണ്ടും ക്യാപ്റ്റനായത്.
സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മെല്‍ബണില്‍ കളിക്കില്ല. ഇതാണ് സ്മിത്തിനെ തന്നെ ഓസ്‌ട്രേലിയ വീണ്ടും നായകനാക്കിയത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റിലും സ്മിത്ത് തന്നെയായിരുന്നു ക്യാപ്റ്റന്‍.
സ്റ്റീവ് സ്മിത്ത്. Photo: Troll Cricket unlimitedd/x.com
കമ്മിന്‍സിനൊപ്പം നഥാന്‍ ലിയോണും ടീമില്‍ നിന്ന് പുറത്തായി. കമ്മിന്‍സിന് വിശ്രമം അനുവദിച്ചപ്പോള്‍ പരിക്കാണ് ലിയോണിന് വില്ലനായത്. അഡ്ലെയ്ഡ് ടെസ്റ്റിനിടെ ലിയോണിന് വലത് കാലിന് പരിക്കേറ്റിരുന്നു.
മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം ഒരു ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാലാണ് ലിയോണ്‍ അടുത്ത ടെസ്റ്റില്‍ കളിക്കാത്തത്. താരം അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ താരം കളിക്കളത്തില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.
കമ്മിന്‍സിനും ലിയോണിനും പകരക്കാരെയും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മിന്‍സിന് പകരം ജെയ് റിച്ചാര്‍ഡ്‌സണ്‍ ടീമിലെത്തി. ലിയോണിന് പകരക്കാരനായി ടോഡ് മര്‍ഫി ടീമില്‍ ഇടം പിടിച്ചു.
അതേസമയം, ബോക്‌സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് നാലാം ടെസ്റ്റിന്റെ വേദി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച് ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തിയിരുന്നു.