കുടിയേറ്റവും മുസ്‌ലിം ജനസംഖ്യാ വര്‍ധനവും ഭീഷണി: കടുത്ത വംശീയ പരാമര്‍ശവുമായി ഓങ് സാന്‍ സൂചി
World News
കുടിയേറ്റവും മുസ്‌ലിം ജനസംഖ്യാ വര്‍ധനവും ഭീഷണി: കടുത്ത വംശീയ പരാമര്‍ശവുമായി ഓങ് സാന്‍ സൂചി
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 10:42 am

ബുഡാപെസ്റ്റ്: കുടിയേറ്റക്കാരും മുസ്‌ലിം ജനസംഖ്യ വര്‍ധനവും സുരക്ഷാ ഭീഷണിയാണെന്ന വംശീയ പ്രസ്താവനയുമായി മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സലറും സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചി. ഹംഗറിയില്‍ സന്ദര്‍ശനത്തിനെത്തിയ സൂചി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അഭയാര്‍ത്ഥികളും മുസ്‌ലിം ജനസംഖ്യാ വര്‍ധനവും ഭീഷണിയാണെന്ന് പറയുന്നത്.

ഇരു രാജ്യങ്ങള്‍ക്കും അവരുടെ മേഖലയായ സൗത്ത് ഈസ്റ്റ് ഏഷ്യയും യൂറോപ്പും നേരിടുന്ന ഏറ്റവും വലിയ ഭീഷണി കുടിയേറ്റമാണെന്ന് പ്രസ്താവന പറയുന്നു. മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് ഈ മേഖലയില്‍ സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നും ഇരു നേതാക്കളും പറയുന്നു.

 

കടുത്ത അഭയാര്‍ത്ഥി വിരുദ്ധ നിലപാടുള്ളയാളാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനും. മുസ്‌ലിം അഭയാര്‍ത്ഥികള്‍ അധിനിവേശക്കാരാണെന്നും എല്ലാ ഭീകരവാദികളും കുടിയേറ്റക്കാരാണെന്നും വിക്ടര്‍ ഒര്‍ബാന്‍ പറഞ്ഞത് വിവാദമായിരുന്നു.

യു.എന്‍ വംശഹത്യയെന്ന് വിശേഷിപ്പിച്ച റോഹിങ്ക്യന്‍ മുസ്‌ലിം കൂട്ടക്കൊലയെ അപലപിക്കാതിരുന്ന സൂചിയ്‌ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് അവരുടെ യൂറോപ്പ് സന്ദര്‍ശനം. നേരത്തെ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മാര്‍ ജയിലിലടച്ചതിനെയും ന്യായീകരിക്കുകയാണ് സൂചി ചെയ്തിരുന്നത്.

15 വര്‍ഷം സൈനിക ഭരണകൂടത്തിന്റെ വീട്ടുതടങ്കലില്‍ കഴിഞ്ഞ ഓങ് സാന്‍ സൂചി മ്യാന്‍മാറില്‍ ജനാധിപത്യ ശബ്ദങ്ങളുടെ പ്രതീക്ഷയായിരുന്നു. 2015ലാണ് അവര്‍ സ്റ്റേറ്റ് കൗണ്‍സലറായി തെരഞ്ഞെടുക്കപ്പെട്ടത്.