തൃശൂർ: ശബ്ദ രേഖ വിവാദത്തിൽ തൃശ്ശൂർ ഡി.വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി ശരത്ത് പ്രസാദിന് സസ്‌പെൻഷൻ. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയിൽ നിന്നും ഒരു വർഷത്തേക്കാണ് ശരത്ത് പ്രസാദിനെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എ. സി മൊയ്തീനും എം. കെ കണ്ണനുമെതിരായ ശബ്ദരേഖ വിവാദത്തിലാണ് നടപടി.
മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിലാണ് സസ്‌പെൻഷൻ. വിവാദങ്ങളെ തുടർന്നുള്ള ശരത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇന്ന്(ബുധൻ) നടന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം.
എ. സി മൊയ്തീനും എം. കെ കണ്ണനുമടക്കമുള്ള സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും മുതിർന്ന നേതാക്കളും രാഷ്ട്രീയ പ്രവർത്തനത്തെ ധന സമ്പാദനത്തിനായി ഉപയോഗിച്ചു എന്നായിരുന്നു ശരത്ത് പ്രസാദിന്റെ ആരോപണം.
നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു നിബിന്‍ ശ്രീനിവാസനുമായുള്ള ശരത് പ്രസാദിന്റെ ഫോൺ സംഭാഷണമാണ് വിവാദമായത്. മണ്ണുത്തി ഏരിയ കമ്മിറ്റിയിലെ അസ്വാരസ്യങ്ങളാണ് ഓഡിയോ ക്ലിപ്പ് പുറത്തെത്താന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍മന്ത്രി എ.സി മൊയ്തീന്‍ അടക്കമുള്ള തൃശൂരിലെ മുതിര്‍ന്ന സി.പി.ഐ.എം നേതാക്കള്‍ക്ക് എതിരെ അനധികൃത സ്വത്ത് സമ്പാദനം ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് വിവാദമായതോടെ വിശദീകരണവുമായി ഡി.വൈ.എഫ്.ഐ തൃശൂര്‍ ജില്ലാസെക്രട്ടറി ശരത്പ്രസാദ് നേരത്തെ രംഗത്തെത്തിയിരുന്നു.
തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ ആധികാരിത ദുരൂഹമാണെന്നും ഇതിന് പിന്നില്‍ പാര്‍ട്ടി വിരുദ്ധരുടെ ഗൂഢാലോചനയാണെന്നും ശരത്പ്രസാദ് ആരോപിച്ചിരുന്നു
സി.പി.ഐ.എം നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ എതിരെയോ ഓഡിയോ ക്ലിപ്പില്‍ പറയുന്നതുപോലെ ഒരു അഭിപ്രായവും തനിക്കില്ലെന്നും, താനേറെ ബഹുമാനിക്കുന്നവരാണ് പാര്‍ട്ടിയിലെ നേതാക്കളെന്നും ശരത് പ്രസാദ് പറഞ്ഞിരുന്നു.