കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ യുവതിയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഓഡിയോ ക്ലിപ്പ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വിവിധ മാധ്യമങ്ങളാണ് ശബ്ദരേഖ പുറത്തുവിട്ടത്.
ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് യുവതി പറയുമ്പോള്‍ ‘തന്തയില്ലാത്ത കൊച്ചിനെ വളര്‍ത്താനാണോ ഉദ്ദേശം’ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും എന്ന ചോദ്യത്തിന് തന്നെ ചൂണ്ടിക്കാണിക്കും എന്ന് യുവതി മറുപടി നല്‍കുന്നുണ്ട്.
‘എനിക്കത് ബുദ്ധിമുട്ടാകില്ലേ’ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘അതെങ്ങനെയാണ് തന്റെ ബുദ്ധിമുട്ടാവുക’ എന്നാണ് യുവതി തിരിച്ച് ചോദിച്ചത്. പിന്നെ താന്‍ ഏല്‍ക്കണോ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ ‘തന്നോട് ഇത് ഏല്‍ക്കണമെന്ന് പറഞ്ഞില്ലല്ലോ’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നുണ്ട്. ‘അത് ഞാന്‍ നോക്കിക്കോളാം, താന്‍ അറിയണ്ട’ എന്ന് യുവതി പറയുന്നിടത്ത് സംഭാഷണം അവസാനിക്കുന്നത്.