കാലുപിടിക്കാം, കേസുമായി മുമ്പോട്ട് പോയാല്‍ ഞാന്‍ മരിക്കും; വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്
Kerala News
കാലുപിടിക്കാം, കേസുമായി മുമ്പോട്ട് പോയാല്‍ ഞാന്‍ മരിക്കും; വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th June 2022, 5:48 pm

കൊച്ചി: ലൈംഗിക പീഡന കേസ് ഒവിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ നടന്‍ വിജയ് ബാബു സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു പെണ്‍കുട്ടിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

വിജയ് ബാബു പറഞ്ഞത്,

‘കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും, ജീവിച്ചിരിക്കില്ല. ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് പുറത്ത് പോയാല്‍ ആഘോഷിക്കപ്പെടും. ഞാന്‍ ട്രിഗര്‍ ചെയ്തു, അത് സത്യമാണ്. അത് അക്‌സെപ്റ്റ് ചെയ്യുന്നു. ഞാന്‍ മാപ്പ് പറയാം. കാല് പിടിക്കാം. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. പൊലീസ് കേസാണോ സൊലൂഷന്‍’ വിജയ് ബാബു പറഞ്ഞു.

നേരത്തെ കേസ് പിന്‍വലിക്കാന്‍ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് അതിജീവിത പറഞ്ഞിരുന്നു.

എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകാനായാണ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും.

നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍ തുടരുക.

താരസംഘടനയായ എ.എം.എം.എയും നടനെതിരെ നടപടി സ്വീകരിക്കണമെന്നും, സ്ത്രീകള്‍ക്ക് നേരെ അക്രമം നടത്തുന്നവരെ സംഘടനകള്‍ സംരക്ഷിക്കരുതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: Audio clip of actor Vijay Babu influencing a relative of a survivor to avoid a sexual harassment case