ചെളിക്കെട്ടിലും മാലിന്യത്തിന്റെ നാറ്റത്തിനിടയിലും പൊങ്കാലയിട്ട് ഭക്തര്‍; തിരുവനന്തപുരം കോര്‍പ്പറേഷന് വ്യാപക വിമര്‍ശനം
Kerala
ചെളിക്കെട്ടിലും മാലിന്യത്തിന്റെ നാറ്റത്തിനിടയിലും പൊങ്കാലയിട്ട് ഭക്തര്‍; തിരുവനന്തപുരം കോര്‍പ്പറേഷന് വ്യാപക വിമര്‍ശനം
അനിത സി
Tuesday, 3rd March 2026, 9:45 pm

തിരുവനന്തപുരം: ആയിരക്കണക്കിനാളുകള്‍ എത്തുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് മതിയായ സൗകര്യങ്ങളൊരുക്കാത്ത തിരുവനന്തപുരം കോര്‍പ്പറേഷന് ഭക്തരുടെ ‘പൊങ്കാല”. കഴിഞ്ഞ പത്തിരുപത് വര്‍ഷക്കാലത്തെ ഏറ്റവും മോശം സംഘാടനമായിരുന്നു ഇത്തവണത്തെ പൊങ്കാലയുടേതെന്ന് ഭക്തര്‍ പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയം മുതല്‍ പൊങ്കാലയെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയ ബി.ജെ.പി, ഒടുവില്‍ ഭരണത്തിലേറിയപ്പോള്‍ ആദ്യമായി സംഘടിപ്പിച്ച പൊങ്കാല തന്നെ ചരിത്രത്തിലെ ഏറ്റവും മോശം രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

മഴ പെയ്തതിന് പിന്നാലെ ചെളിക്കുളമായ പാതയോരത്തും മാലിന്യ കൂമ്പാരത്തിന്റെ നാറ്റത്തിനിടയിലും പൊങ്കാലയിടേണ്ട ഗതികേടിലായിരുന്നു പലരും. ഇതിന്റെ ചിത്രങ്ങളടക്കം പുറത്തെത്തിയത് ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും എത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. റോഡ് പണിയെ തുടര്‍ന്നും വേനല്‍ മഴയെ തുടര്‍ന്നും ചെളിക്കെട്ടായി മാറിയ പാതകള്‍ മണ്ണിട്ട് നികത്താതെയും കോര്‍പ്പറേഷന്‍ പൊങ്കാലയ്‌ക്കെത്തിയവരെ പരീക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം വരെ വളരെ മികച്ച സംഘാടനമായിരുന്നു പൊങ്കാലയ്ക്ക് കാണാനായതെന്നും എന്നാല്‍, ഇത്തവണ വളരെയേറെ കഷ്ടപ്പാടുകളാണ് ഉണ്ടായതെന്നും പൊങ്കാലയ്‌ക്കെത്തിയവര്‍ പ്രതികരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്റെ വീഴ്ചയാണ് ഇതെന്നും ചെളി നിറഞ്ഞ സ്ഥലത്ത് ഇരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പൊങ്കാല പൂര്‍ത്തിയാക്കിയതെന്നും ഭക്തര്‍ പറയുന്നു.

മുമ്പ് കോര്‍പ്പറേഷന്‍ ഭരിച്ചിരുന്നവര്‍ പൊങ്കാലയ്ക്ക് തൊട്ടുമുമ്പാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍, ബി.ജെ.പി പൊങ്കാലയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നെന്ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് അവകാശപ്പെട്ടിരുന്നു.

റോഡ് പണികളടക്കം എല്ലാം പൂര്‍ത്തിയാക്കി. അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും മേയര്‍ പറഞ്ഞിരുന്നു. എന്നാല്‍, ചൊവ്വാഴ്ച പൊങ്കാലയ്‌ക്കെത്തിയവര്‍ ചെളിക്കെട്ടിലും വൃത്തിയില്ലാത്ത സ്ഥലങ്ങളിലും അടുപ്പുകൂട്ടേണ്ട ഗതികേടിലാവുകയായിരുന്നു.

Content Highlight: Devotees perform Ponkala amidst mud and stench of garbage; Thiruvananthapuram Corporation receives widespread criticism

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.