തിരുവള്ളൂരിനെ കാവിവത്ക്കരിക്കാനുള്ള ശ്രമം തമിഴർ തടയണം: സ്റ്റാലിൻ
India
തിരുവള്ളൂരിനെ കാവിവത്ക്കരിക്കാനുള്ള ശ്രമം തമിഴർ തടയണം: സ്റ്റാലിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 9:47 am

ചെന്നൈ: ആറാം നൂറ്റാണ്ടിലെ തമിഴ് കവിയും തത്ത്വചിന്തകനുമായിരുന്ന തിരുവള്ളൂരിനെ കാവിവത്ക്കരിക്കാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമം തടയണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഗാനരചയിതാവ് വൈരമുത്തു രചിച്ച പുസ്തകമായ ‘തിരുക്കുറൽ, വള്ളുവ൪ മറൈ വൈരമുത്തു ഉറൈ’യുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

‘തിരുവള്ളുവർ ഒരു കവി മാത്രമല്ല, വിപ്ലവകാരി കൂടിയായിരുന്നു, അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് തമിഴരുടെ കടമയാണ്. വള്ളുവരിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അദ്ദേഹം പഠിപ്പിച്ച പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങൾ ഉപയോഗിച്ച് അദ്ദേഹത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തമിഴ് സമൂഹം എതിർക്കണം,’ സ്റ്റാലിൻ പറഞ്ഞു.

ആര്യനിസത്തിന് തിരുവള്ളുവരെ സ്വന്തമെന്ന് അവകാശപ്പെടാൻ കഴിയാത്തതിനാൽ, അദ്ദേഹത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സ്റ്റാലിൻ വിമർശിച്ചു.

‘തിരുവള്ളൂരിനെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തെ വിവരിക്കാനുള്ള ഉചിതമായ പദം വഞ്ചന എന്നതാണ്. തിരുവള്ളുവർ യുക്തിവാദത്തിന്റെയും സാമൂഹിക നീതിയുടെയും ആത്മാഭിമാനത്തിന്റെയും കവിയാണ്. അദ്ദേഹത്തെ കാവിവത്ക്കരിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ ആശയങ്ങളുടെ ചൂടിൽ പൊള്ളലേൽക്കും. തിരുക്കുറലിന്റെ മൂല്യങ്ങൾ നിലനിൽക്കുന്നിടത്ത് മനുസ്മൃതിക്ക് സ്ഥാനമില്ല. ആര്യൻ നാഗരികത ദ്രാവിഡ പാരമ്പര്യത്തെ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ, തിരുക്കുറൾ അതിനെ സംരക്ഷിച്ചു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുക്കുറൽ മതേതര ഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലേറ്റോയും അരിസ്റ്റോട്ടിലും മതേതര കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും, തിരുവള്ളുവർ ജീവിച്ചിരുന്നതും എഴുതിയതും ഈ ഗ്രീക്ക് തത്ത്വചിന്തകരുടെ കാലഘട്ടത്തേക്കാൾ വളരെ മുമ്പുള്ള ഒരു കാലഘട്ടത്തിലാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

തിരുക്കുറലിനെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെയും തിരുവള്ളുവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരു സംഘടന സ്ഥാപിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയവും തിരുക്കുറലിന് 850 പേർ വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ടെന്ന് വൈരമുത്തു പറഞ്ഞു. ‘ഞാൻ 851-ാമത്തെ വ്യക്തിയാണ്. തിരുക്കുറലിനെ വ്യാഖ്യാനിക്കാൻ ഇനിയും ധാരാളം ബാക്കിയുണ്ടെന്നത് തിരുവള്ളുവരുടെ കൃതിയുടെ ഔന്നത്യത്തെ സൂചിപ്പിക്കുന്നു,’ വൈരമുത്തു പറഞ്ഞു.

 

Content Highlight: Attempts to saffronise Thiruvallur should be stopped: Stalin