കോഴിക്കോട്: കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ സമീപത്തുള്ള തണ്ണീര്‍ത്തടത്തില്‍ ക്വാറി വേസ്റ്റ് തള്ളാനുള്ള ശ്രമം തടഞ്ഞ് സരോവരം പ്രകൃതിസംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം നടന്നത്. ലോറികളിലെത്തിച്ചായിരുന്നു ക്വാറി മാലിന്യം തള്ളാൻ ശ്രമിച്ചത്. മാലിന്യം വഹിച്ചുള്ള ലോറികളെത്തിയത് ശ്രദ്ധയില്‍പ്പെട്ട സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കൂട്ടമായെത്തി മാലിന്യം തണ്ണീർത്തടത്തിൽ തള്ളാനുള്ള ശ്രമം തടയുകയായിരുന്നു.
പിന്നാലെ നടക്കാവ് പൊലീസ് സംഭവ സ്ഥലത്തെത്തി രണ്ട് ലോറികളും കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെയാണ് ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ടെന്നും നടക്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സരോവരം പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
എന്നാല്‍, തണ്ണീര്‍ത്തടത്തില്‍ മണ്ണിട്ടിട്ടില്ലെന്നും സമീപത്തായി വീടുനിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ അതിനാവശ്യമായ എംസാന്‍ഡ് ലോറികളില്‍ കൊണ്ടുവന്നതാണെന്നും നടക്കാവ് പോലീസ് അറിയിച്ചു.
ജലശുദ്ധീകരണം, കാലാവസ്ഥാ നിയന്ത്രണം, ജൈവവൈവിധ്യ സംരക്ഷണം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയിൽ തണ്ണീർത്തടങ്ങൾ നിർണായക പങ്ക് വഹിക്കുന്നതിനാൽ അവയെ ‘ഭൂമിയുടെ വൃക്കകൾ’ എന്നാണ് വിളിക്കുന്നത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ അഞ്ചിലൊന്ന് ഭാഗങ്ങളിൽ 200ലധികം തണ്ണീർത്തടപ്രദേശങ്ങളുണ്ട്.