ടെൽഅവീവ്: ഗസയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിലും വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഈ മാസം കൂടിക്കാഴ്ച നടത്തുമെന്നും അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.
ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ രണ്ടാം ഘട്ടം ഉടനെ നടത്തണമെന്നും തുടർന്ന് മൂന്നാം ഘട്ടവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ പത്തിന് പ്രാബല്യത്തിൽ വന്ന ആദ്യഘട്ട വെടിനിർത്തലിന് ശേഷം ഇസ്രഈൽ 600 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു.
ആദ്യഘട്ട വെടിനിർത്തലിന് ശേഷം ഇസ്രഈൽ സൈന്യം 70 കുട്ടികളുൾപ്പെടെ 360ലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയെന്നും 900 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
ഈ സാഹചര്യത്തിലാണ് വെടിനിർത്തൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായെന്നും അടുത്ത ഘട്ടത്തിനായുള്ള ചർച്ചകൾ നടത്തുമെന്നുമുള്ള നെതന്യാഹുവിന്റെ പ്രസ്താവന.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഇസ്രഈലി ബന്ദികളെ മോചിപ്പിച്ചിട്ടും ഫലസ്തീനിൽ ഇസ്രഈൽ വംശഹത്യ തുടരുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച മുതൽ ഗസ നഗരത്തിലും മറ്റ് പ്രദേശങ്ങളിലുമായി ഇസ്രഈൽ ആക്രമണത്തിൽ 14 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും യൂണിസെഫ് റിപ്പോർട്ട് ചെയ്തിരുന്നു.
ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ നടത്തുന്നത് സംഘടിത പീഡനമാണെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി യു.എന്നിന്റെ സി.എ.ടി കൺവെൻഷൻ ഇസ്രഈൽ പാലിച്ചിട്ടുണ്ടോ എന്ന വിലയിരുത്തലിലാണ് ഗുരുതരമായ പീഡനങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നത്.
ഗസയിൽ നടന്ന യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും കഴിഞ്ഞ വർഷം നവംബറിൽ ഇസ്രഈൽ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Content Highlight: Attacks continue in Gaza; Netanyahu says first phase of ceasefire plan completed