യു.പിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാലംഗസംഘത്തെ മര്‍ദിച്ചും വാഹനം കത്തിച്ചും ഹിന്ദുത്വർ
national news
യു.പിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാലംഗസംഘത്തെ മര്‍ദിച്ചും വാഹനം കത്തിച്ചും ഹിന്ദുത്വർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th May 2025, 10:24 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാലംഗസംഘത്തെ ആക്രമിച്ച് തീവ്രഹിന്ദുത്വ വാദികള്‍. യുവാക്കളെ ജനക്കൂട്ടം മര്‍ദിക്കുകയും വാഹനം കത്തിക്കുകയുമായിരുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്.

രണ്ടാഴ്ചമുമ്പ് അലിഗഡില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ഏതാനും ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഒരു വാഹനം പിടിച്ചുവെച്ചിരുന്നു. പിന്നീട് വാഹനത്തിലുണ്ടായിരുന്നത് ബീഫല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ് വണ്ടി വിട്ടുകൊടുക്കുകയും ചെയ്തു.

എന്നാല്‍ ഇതേ വണ്ടിയെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ശനിയാഴ്ച വാഹനം കത്തിച്ചത്. സംഭവത്തില്‍ പിടിച്ചെടുത്ത മാംസം പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സത്യാവസ്ഥ കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്നും പൊലീസ് സൂപ്രണ്ട് അമൃത് ജെയിന്‍ പറഞ്ഞു.

കശാപ്പിനുള്ള രേഖകള്‍ ഉള്‍പ്പെടെ ഡ്രൈവറുടെ കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും കൃത്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ നിരന്തരമായി ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2024 ഓഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്‌ലിം സ്ത്രീയുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെ 55കാരി മരണപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയില്‍ ഭയന്നുപോയ 55കാരി പെട്ടന്ന് പരിഭ്രാന്തയാകുകയും ശ്വാസതടസം വന്ന് മരിക്കുകയുമായിരുന്നു.

ബീഫ് കഴിക്കുന്നവരെയും മുസ്‌ലിങ്ങളെയും ലക്ഷ്യമിട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടര്‍ച്ചയായി വിദ്വേഷ പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. അടുത്തിടെ ന്യൂനപക്ഷങ്ങള്‍ക്ക് ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക വഴി കോണ്‍ഗ്രസ് ഗോവധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

പുരാണങ്ങളില്‍ പറയുന്ന ഗോമാതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ അംഗീകരിക്കുമോയെന്നും യോഗി ചോദിച്ചിരുന്നു. ഇതിനുപുറമെ ബി.ജെ.പി ഭരണത്തിലുള്ള അസമില്‍ ബീഫ് പൂര്‍ണമായും നിരോധിക്കുകയും ചെയ്തിരുന്നു.

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചുകൊണ്ടായിരുന്നു തീരുമാനം.

2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദു, ജൈന, സിഖ് എന്നീ മതങ്ങളുടെ പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്തായി പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും നിരോധിക്കപ്പെട്ടിരുന്നു. നിയമം ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ബീഫ് നിരോധനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യണമെന്നും അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും അസം മന്ത്രി പിജൂഷ് ഹസാരിക വിവാദ പ്രസ്താവന നടത്തിയിരുന്നു.

Content Highlight: Attackers beat up a group of four and set their vehicle on fire in UP on charges of smuggling beef