മന്ത്രി വീണ ജോര്‍ജിന് നേരെയുണ്ടായ ആക്രമണം: ദൃശ്യങ്ങള്‍ കയ്യിലില്ലെന്ന് റെയില്‍വേ; പുറത്തുവിട്ട് മാധ്യമങ്ങള്‍
Kerala
മന്ത്രി വീണ ജോര്‍ജിന് നേരെയുണ്ടായ ആക്രമണം: ദൃശ്യങ്ങള്‍ കയ്യിലില്ലെന്ന് റെയില്‍വേ; പുറത്തുവിട്ട് മാധ്യമങ്ങള്‍
അനിത സി
Thursday, 26th February 2026, 9:54 am

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിന് നേരെയുണ്ടായ കെ.എസ്.യു പ്രവര്‍ത്തകരുടെ ആക്രമണത്തിലെ ദൃശ്യങ്ങള്‍ പുറത്ത്. മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.

കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയേന്തി മന്ത്രിക്ക് നേരെ പാഞ്ഞടുക്കുന്നതും പൊലീസ് സംഘം മന്ത്രിക്ക് കവചം തീര്‍ക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

എന്നാല്‍ മന്ത്രിക്ക് പരിക്ക് പറ്റിയതെങ്ങനെ എന്ന് സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നതിനിടെയാണ് പരിക്കേറ്റതെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തെത്തി.

അതേസമയം, കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ക്കായി റെയില്‍വേയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. റെയില്‍വേ പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ആര്‍.പി.എഫ് നടത്തിയ പരിശോധനയില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല.

റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടന്ന സംഭവമായതിനാല്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാത്രിയോടെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. വധശ്രമമടക്കം 11 വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി.

ബുധനാഴ്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രതിഷേധമുണ്ടായത്. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനായി എത്തിയതായിരുന്നു മന്ത്രി. കയ്യില്‍ മുറിവേല്‍ക്കുകയും കഴുത്തിന് ക്ഷതമേല്‍ക്കുകയും ചെയ്ത വീണ ജോര്‍ജ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

മന്ത്രിക്ക് കഴുത്തില്‍ പരിക്കേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിരുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തിലാണ് മന്ത്രിയുടെ ചികിത്സ തുടരുന്നത്.

പരിക്കേറ്റ വീണ ജോര്‍ജിനെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മന്ത്രിമാരായ കെ.കെ. ശൈലജ, പി.കെ.ശ്രീമതി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ഇതിനിടെ, കണ്ണൂരില്‍ മന്ത്രിയുടെ വാഹനം തടഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ദേശീയ പതാക തകര്‍ത്തെന്നും പൊലീസ് പറഞ്ഞു.

Content Highlight: Attack on Minister Veena George: Railways says it does not have footage; media releases it

 

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.