വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
kERALA NEWS
വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ക്കെതിരെ സംഘപരിവാര്‍ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2019, 11:04 pm

കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അംഗടിമുഗറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മധൂര്‍ കുതിരപ്പാടിയില്‍ വച്ചാണ് വ്യാപക അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: മതിലുകൊണ്ട് തീരില്ല, തുടങ്ങുകയാണ്, ചെന്നിത്തലയുടെ നിലപാട് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശക്തി പകരുന്നത്: പുന്നല ശ്രീകുമാര്‍

പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി.എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

കാസര്‍കോട് ജില്ലയില്‍ വനിതാ മതിലിനു നേരെ വ്യാപക ആക്രമണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയത്. കാസര്‍കോട് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.

ALSO READ: വനിതാ മതില്‍ പൊളിഞ്ഞെന്ന് വരുത്തി തീര്‍ക്കാന്‍ 4 മണിയ്ക്ക് മുമ്പ് വീഡിയോ എടുത്ത് സംഘപരിവാര്‍ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബി.ജെ.പിക്ക് സ്വാധീനമുളള മേഖലയാണിത്. സംഭവസ്ഥലത്തെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

അതേസമയം, 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മന്ത്രി കെ.കെ ശൈലജ ആദ്യകണ്ണിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസും അടക്കമുള്ളവര്‍ എത്തിയിരുന്നു.

സംസ്ഥാനത്തുടനീളം രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലുള്ള സ്ത്രീകളുടെ നീണ്ട നിര വനിത മതിലില്‍ പങ്കെടുക്കാനെത്തിയിരുന്നു.

WATCH THIS VIDEO: