നടക്കാവ് സ്‌കൂളിലെ ഒരു കോടിയുടെ മൈതാനം തീയിട്ട് നശിപ്പിച്ച നിലയില്‍
Daily News
നടക്കാവ് സ്‌കൂളിലെ ഒരു കോടിയുടെ മൈതാനം തീയിട്ട് നശിപ്പിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2015, 8:48 am

nada1കോഴിക്കോട്: നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ അത്യാധുനിക ഫുട്‌ബോള്‍ കോര്‍ട്ടിന് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു.

ഒരുകോടിയിലധികം രൂപ ചെലവിട്ട് പ്രിസം പദ്ധതിയിലാണ് അസ്ട്രാ ടര്‍ഫ് മൈതാനം നിര്‍മ്മിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നടക്കാവ് പൊലീസ് കേസെടുത്തു. ഫോറന്‍സിക് വിഭാഗവും തെളിവെടുപ്പ് നടത്തി.

എ. പ്രദീപ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചതാണ് ഹോക്കി, ഫുട്‌ബോള്‍ പരിശീലനത്തിനുള്ള അസ്‌ട്രോ ടര്‍ഫ് മൈതാനം. വിഷുത്തലേന്ന് രാത്രിയാണ് സമീപവാസി മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഉടന്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സെക്യൂരിറ്റി എത്തിയാണ് തീയണച്ചത്.

മൈതാനത്തിന്റെ മധ്യഭാഗത്തുള്ള കൃത്രിമപുല്ല് കുറച്ച് ഭാഗം കത്തി നശിച്ചു. സമീപത്ത് രണ്ടിടങ്ങളിലായി പനയോല പടക്കവും കണ്ടെത്തിയിട്ടുണ്ട്. ഗ്രൗണ്ടിന്റെ പലഭാഗങ്ങളായാണ് തീയിട്ടത്. അതുകൊണ്ടുതന്നെ അട്ടിമറിയാണോയെന്നും സംശയമുണ്ട്.

വിവരം ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. അവരെത്തിയതിനുശേഷമേ മൈതാനം അറ്റകുറ്റപ്പണി നടത്താനാവുമോയെന്നറിയാന്‍ കഴിയൂ. അല്ലെങ്കില്‍ കോടികള്‍ ചിലവഴിച്ച് വീണ്ടും നിര്‍മ്മിക്കേണ്ടി വരും.

60 ലക്ഷം രൂപ മുടക്കിയാണ് മൈതാനത്തേയ്ക്കുള്ള അസ്‌ട്രോ ടര്‍ഫ് ഇറക്കുമതി ചെയ്തത്്. വിദേശ സാങ്കേതിക വിദ്യയും വസ്തുക്കളും ഉപയോഗിച്ച് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് മൈതാനം നിര്‍മിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഇത്തരത്തിലുള്ള ആദ്യ മൈതാനമാണിത്.

അടിസ്ഥാനസൗകര്യ വികസനത്തില്‍ രാജ്യത്തിന് മാതൃകയായ സ്‌കൂളിന് “എഡ്യുക്കേഷന്‍ വേള്‍ഡ്” മാഗസിന്റെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.