മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവം: രാമകൃഷ്ണനെ അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലെടുത്ത രാജനെ വെറുതെ വിട്ടു
India
മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ച സംഭവം: രാമകൃഷ്ണനെ അറസ്റ്റ് ചെയ്തു, കസ്റ്റഡിയിലെടുത്ത രാജനെ വെറുതെ വിട്ടു
ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 1:27 pm

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കസ്റ്റഡിയിലെടുത്ത രാജനെ പൊലീസ് വെറുതെ വിട്ടു. സികെ പാറ സ്വദേശി കുരുത്തുവില്ലിങ്ങല്‍ രാമകൃഷ്ണനാണ് അറസ്റ്റിലായത്.

രാമകൃഷ്ണനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനെയായിരുന്നു കസ്റ്റഡിയിലെടുത്തിരുന്നത്. രാമകൃഷ്ണനോടൊപ്പമാണ് രാജന്‍ ജോലി ചെയ്യുന്നത്. ഈ സമയത്ത് ക്ഷേത്രം ആക്രമിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നോ എന്നറിയാനാണ് രാജനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. രാജന് വിഷയത്തെ കുറിച്ച് ഒന്നുമറിയാത്തതിനാലാണ് വിട്ടയച്ചത്.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഗസ്റ്റ് 27ന് രാത്രിയായിരുന്നു സി.കെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയും മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമമായ ഈനാട്.ഇന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടന്നിരുന്നു.

ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞിരുന്നു. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്.