എ.ടി.എം കവര്‍ച്ചാസംഘത്തിന്റെ വാഹനം കണ്ടെത്തി; കളമശേരിയിലും എ.ടി.എം കവരാന്‍ ശ്രമം
kERALA NEWS
എ.ടി.എം കവര്‍ച്ചാസംഘത്തിന്റെ വാഹനം കണ്ടെത്തി; കളമശേരിയിലും എ.ടി.എം കവരാന്‍ ശ്രമം
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 7:09 pm

കൊച്ചി: എ.ടി.എം കവര്‍ച്ച സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് വാഹനം കണ്ടെടുത്തത്. കോട്ടയം കോടിമതയില്‍ നിന്ന് മോഷ്ടിച്ചതാണ് വാഹനമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കളമശേരിയിലും എ.ടി.എം കവര്‍ച്ചാശ്രമം നടന്നതായി കണ്ടെത്തി. കളമശേരിയില്‍ എസ്.ബി.ഐ എ.ടി.എം പൊളിക്കാന്‍ ശ്രമം നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇരുമ്പനത്തും കൊരട്ടിയിലും കവര്‍ച്ച നടത്തിയ സംഘം തന്നെയാണ് കളമശേരിയിലും കവര്‍ച്ചക്ക് ശ്രമിച്ചതെന്നാണ് നിഗമനം.

കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും പ്രധാന പാതകളുടെ സമീപത്തെ എ.ടി.എമ്മുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ കവര്‍ന്നിരുന്നു. കോട്ടയത്ത് രണ്ടിടത്ത് കവര്‍ച്ചാ ശ്രമമുണ്ടായി. സമാനതകള്‍ ഏറെയുള്ള മോഷണങ്ങള്‍ക്കു പിന്നില്‍ ഒരേ സംഘമാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.


പുലര്‍ച്ചെ നാല് അന്‍പതിനാണ് കൊരട്ടിയില്‍ മോഷണം നടന്നത്. ദേശീയ പാതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി. എം ഗ്യാസ് കട്ടര്‍ കൊണ്ട് തകര്‍ത്ത മോഷ്ടാക്കള്‍ പത്തുലക്ഷം രൂപ കവരുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും ഇതില്‍ വ്യക്തമാണ്. മുഖം ഭാഗികമായി മറച്ച മോഷ്ടാവിന്റെ കൈയില്‍ സ്പ്രേ പെയിന്റ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് മോഷ്ടാവ് സി.സി.ടി.വി മറച്ചത്. ഒരു സി.സി.ടി.വി ക്യാമറ മറച്ചെങ്കിലും രണ്ടാമത്തെ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു. ഇടപാടുകാര്‍ എ.ടി.എമ്മിലേക്ക് കയറുന്നത് തടയാന്‍ ഷട്ടര്‍ പകുതി താഴ്ത്തിയിട്ട മോഷ്ടാക്കള്‍,അതുവഴി രക്ഷപ്പെടാന്‍ കൂടുതല്‍ സമയവും കണ്ടെത്തി.

കൊച്ചി ഇരുമ്പനത്തെ എ.ടി.എമ്മിലെ കവര്‍ച്ച രാവിലെ 11 മണിയോടെയാണ് പുറത്തറിഞ്ഞത്. തൃശൂരിലെ മോഷണവുമായി സമാനതകളും ഏറെയുണ്ട് ഈ മോഷണത്തിന്. 25 ലക്ഷം രൂപയാണ് ഇവിടെ നിന്ന് കവര്‍ന്നത്.


മോഷണം നടത്താന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചതും സി.സി.ടി.വി ക്യാമറ സ്‌പ്രേ പെയിന്റടിച്ച് നശിപ്പിച്ചതും മോഷണ ശേഷം എ.ടി.എം കൗണ്ടറിന്റെ ഷട്ടര്‍ പാതി താഴ്ത്തിയിട്ടതുമാണ് മോഷണത്തിലെ സമാനതകള്‍. രണ്ടു മോഷ്ടാക്കളുടെ ദൃശ്യം ഈ എ.ടി.എമ്മില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോട്ടയം മോനിപ്പിളളിയിലും സി.സി.ടി.വി ക്യാമറ സ്‌പ്രേ പെയിന്റ് ഒഴിച്ച് നശിപ്പിച്ച ശേഷം മോഷണ ശ്രമം നടന്നതെന്നാണ് വിവരം. ഇവിടെയും മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോയ ക്യാമറയില്‍ അവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.