അമ്മയാണ് മകനെ രൂപപ്പെടുത്തുന്നത്, എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണ്: അറ്റ്‌ലി
Entertainment news
അമ്മയാണ് മകനെ രൂപപ്പെടുത്തുന്നത്, എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണ്: അറ്റ്‌ലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th November 2023, 9:58 pm

പങ്കാളിയായ കൃഷ്ണ പ്രിയയെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലി. താന്‍ എന്ന വ്യക്തി ഇങ്ങനെയാവാന്‍ കാരണം പ്രിയ ആണെന്ന് അറ്റ്‌ലി പറഞ്ഞു. താന്‍ ഒരു കുടുംബസ്ഥനാവാനും ഒരു ടീമിന്റെ നേതാവാകാനും കാരണം പ്രിയ ആണെന്നും അറ്റ്‌ലി പറഞ്ഞു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്. പ്രിയ ഒരു വലിയ കുടുംബത്തില്‍ നിന്നുമാണ് വരുന്നത്. ഞങ്ങളുടെ കല്യാണ ആലോചന നടക്കുമ്പോള്‍ രാജാ റാണി റിലീസ് ചെയ്തിട്ടില്ല. ഞാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്തൊക്കെ അവള്‍ എനിക്കൊപ്പം നിന്നു.

ഞാന്‍ എന്ന വ്യക്തി ഇങ്ങനെ ആവാന്‍ കാരണം പ്രിയ ആണ്. ധരിക്കുന്ന വസ്ത്രം മുതല്‍, ദേഷ്യപ്പെടാതിരിക്കുന്നത് മുതല്‍, ഒരു മീറ്റിങ്ങില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യണം എന്ന് തീരുമാനിക്കുന്നതില്‍ വരെ അവള്‍ എന്റെ പങ്കാളിയാണ്.

ഒരു ചൊല്ലുണ്ട്, അമ്മയാണ് മകനെ രൂപപ്പെടുത്തുന്നത്, എന്നാല്‍ ഒരു കുടുംബസ്ഥനെ രൂപപ്പെടുത്തുന്നത് ഭാര്യയാണ്. ഞാന്‍ ഒരു കുടുംബസ്ഥനായതിനും ഒരു ടീമിന്റെ നേതാവായതിനും പ്രധാന കാരണം എന്റെ ഭാര്യയാണ്,’ അറ്റ്‌ലി പറഞ്ഞു.

ജവാനാണ് ഒടുവില്‍ റിലീസ് ചെയ്ത അറ്റ്‌ലിയുടെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തില്‍ നയന്‍താരയാണ് നായിക ആയത്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചത്. ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഹര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

Content Highlight: Atlee talks about his partner priya