ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി എം.എല്‍.എയുമായ അതിഷി മര്‍ലേന പ്രതിപക്ഷത്തെ നയിക്കും. ഇന്ന് (ഞായര്‍) നടന്ന പാര്‍ട്ടി യോഗത്തില്‍ അതിഷിയെ പ്രതിപക്ഷ നേതാവായി ആം ആദ്മി തെരഞ്ഞെടുത്തു. ദല്‍ഹിയില്‍ പ്രതിപക്ഷ നേതാവാകുന്ന ആദ്യ വനിതയാണ് അതിഷി.
അതിഷിയെ ഏകകണ്ഠമായാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതെന്ന് ആം ആദ്മി എം.എല്‍.എ ഗോപാല്‍ റായ് പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ദല്‍ഹിയെ നയിച്ച വ്യക്തിയാണ് അതിഷിയെന്നും ആം ആദ്മി ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും റായ് പറഞ്ഞു.
പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ എ.എ.പിക്കും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും അതിഷി നന്ദി അറിയിച്ചു.
കഴിഞ്ഞ ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, വൈദ്യുതി, വെള്ളം, പൊതുമരാമത്ത് അടക്കമുള്ള നിരവധി പ്രധാനപ്പെട്ട വകുപ്പുകള്‍ അതിഷി വഹിച്ചിരുന്നു. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി കൂടിയായിരുന്നു അതിഷി.
2024ല്‍ ദല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാള്‍ പുറത്തിറങ്ങിയ ശേഷം രാജി പ്രഖ്യാപിക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുകയും ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം അതിഷിയുടെ പേര് നിര്‍ദേശിക്കുകയും പിന്നീട് ദല്‍ഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അതിഷി സ്ഥാനമേല്‍ക്കുകയുമാണ് ഉണ്ടായത്.
അവസാനഘട്ടത്തില്‍ നേരിയ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് അതിഷി കല്‍ക്കാജിയില്‍ വിജയിച്ചത്. 3521 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയുടെ രമേശ് ബിധുരിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അതിഷി ആശ്വാസ വിജയം നേടിയത്.
ആകെയുള്ള 70ല്‍ 48 മണ്ഡലവും നേടിയാണ് ദല്‍ഹിയില്‍ ബി.ജെ.പി ഇത്തവണ അധികാരത്തിലേറിയത്. ഭരണകക്ഷിയായിരുന്ന ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മൂന്നാം തവണയും ദല്‍ഹിയില്‍ സീറ്റുകള്‍ ഒന്നും തന്നെ നേടാനായില്ല. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി ദല്‍ഹിയില്‍ ഭരണത്തിലേറിയത്.
Content Highlight: Atishi to lead opposition in Delhi; First woman LOP in the state