ഏഥര്‍ 340, 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു
Ather
ഏഥര്‍ 340, 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 11th September 2018, 11:07 pm

ജൂണില്‍ വിപണിയിലെത്തിയ ഏഥര്‍ 340, ഏഥര്‍ 450 വൈദ്യുത സ്‌കൂട്ടറുകളുടെ വിതരണം ഏഥര്‍ എനര്‍ജി ആരംഭിച്ചു. 1.09 ലക്ഷം രൂപയാണ് വിപണിയില്‍ ഏഥര്‍ 340 സ്‌കൂട്ടറിന് വില. ഏഥര്‍ 450 സ്‌കൂട്ടറിന് 1.24 ലക്ഷം രൂപയും.

ഏഥര്‍ എനര്‍ജിയുടെ നേതൃത്വത്തില്‍ ഉപഭോക്താക്കളുടെ വീടുകളില്‍ സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതിന് ശേഷമാണ് മോഡലുകളുടെ കൈമാറ്റം. ബെംഗളൂരു നഗരത്തില്‍ ഉടനീളം ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ഏഥര്‍ 450 ന്‌റെ ടയറുകള്‍ക്ക് കൊടുത്തിരിക്കുന്ന വലയം ഒഴിച്ചു നിര്‍ത്തിയാല്‍ ഇരു മോഡലുകളും കാഴ്ചയില്‍ ഒരുപോലെയാണ്. പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ ഏഥര്‍ 340ന് 5.1 സെക്കന്‍ഡുകള്‍ മതി. പരമാവധി വേഗത 70 കിലോമീറ്ററും.


ഒറ്റ ചാര്‍ജില്‍ അറുപതു കിലോമീറ്റര്‍ ദൂരമോടാന്‍ ഏഥര്‍ 340ന് പറ്റും. പൂജ്യത്തില്‍ നിന്നും നാല്‍പതു കിലോമീറ്റര്‍ വേഗം 3.9 സെക്കന്‍ഡുകള്‍ കൊണ്ട് ഏഥര്‍ 450 പിന്നിടും. 80 കിലോമീറ്ററാണ് പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ സ്‌കൂട്ടര്‍ 75 കിലോമീറ്റര്‍ പിന്നിടും.

ഇരു മോഡലുകളിലേയും വൈദ്യുത മോട്ടോറുകള്‍ യഥാക്രമം 20 Nm, 20.5 Nm torque ഉത്പാദിപ്പിക്കും. ബ്രഷ്‌ലെസ് ഡി.സി മോട്ടോറാണ് ഇരു സ്‌കൂട്ടറുകളിലും. ഒപ്പം ഏഥര്‍ എനര്‍ജി വികസിപ്പിച്ച ബാറ്ററി മാനേജ്‌മെന്റ് സംവിധാനവും മോഡലുകളുടെ സവിശേഷതയാണ്.

7.0 ഇഞ്ച് കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, നാവിഗേഷന്‍ അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ 340, 450 സ്‌കൂട്ടറുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ട്വന്റിടൂ മോട്ടോര്‍സ് ഫ്‌ളോ, ഒഖീനാവ പ്രെയിസ് മോഡലുകളാണ് ഏഥര്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളുടെ പ്രധാന എതിരാളികള്‍.