'VD' വെറും ഡയലോഗ്; പൊലീസ് അതിക്രമത്തിനെതിരെ ഒരു സെക്രട്ടറിയേറ്റ് മാര്‍ച്ചെങ്കിലും നടത്തൂ; കോൺഗ്രസുകാരുടെ സൈബർ ആക്രമണം
Kerala
'VD' വെറും ഡയലോഗ്; പൊലീസ് അതിക്രമത്തിനെതിരെ ഒരു സെക്രട്ടറിയേറ്റ് മാര്‍ച്ചെങ്കിലും നടത്തൂ; കോൺഗ്രസുകാരുടെ സൈബർ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th September 2025, 9:31 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കോൺഗ്രസ് അനുകൂല പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ഉറച്ചു നിന്നതും  മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതും പൊലീസ് അതിക്രമങ്ങളിൽ സർക്കാരിനെതിരെ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.

ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമന്റുകളായും കോൺഗ്രസ് അനുകൂല സൈബർ സ്‌പേസുകളിലും അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നുണ്ട്.

ഏറ്റവുമൊടുവിൽ തുടർച്ചയായി പുറത്തുവരുന്ന പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച വാർത്തകളിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. രൂക്ഷമായ വിമർശനങ്ങളാണ് ഈ കമന്റുകളിലുള്ളത്.

കഴിഞ്ഞ ദിവസത്തെ ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിച്ചതിന്റെ പേരിലാണ് കൂടുതൽ കമന്റുകളും വന്നത്. സദ്യ കേമമായിരുന്നോ, നാണമില്ലാതെ ഓണം ഉണ്ട് വന്നിട്ട് എന്നിങ്ങനെയാണ് കമന്റുകൾ. വെറുതെ പ്രസ്താവന ഇറക്കാതെ മുന്നിൽ നിന്ന് സമരം ചെയ്യാനും വി.ഡി സതീശനോട് കമന്റുകളിൽ പറയുന്നു.

വി.ഡി സതീശൻ വെറുതെ ഡയലോഗ് മാത്രമാണ് നടത്തുന്നതെന്നും. മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കുമ്പോൾ നേരിട്ട് പറയാമായിരുന്നില്ലേ എന്നും ചിലർ ചോദിച്ചു.

പൊലീസ് അതിക്രമങ്ങൾക്കെതിരെ യു.ഡി.എഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ലായെന്നും എന്തുകൊണ്ട് സമരം ശക്തമാക്കുന്നില്ലായെന്നും കമന്റുകളിൽ ചിലർ ചോദിക്കുന്നു.

മൈക്കിന്റെ മുന്നിൽ വന്ന് വെറുതെ പറയുന്നത് വി.ഡി സതീശൻ നിർത്തണമെന്നും കോൺഗ്രസ്സ് പ്രവർത്തകരെ സംരക്ഷിക്കുന്ന നേതാവല്ല സതീശനെന്ന് തെളിഞ്ഞുവെന്നും ചിലർ പ്രതികരിച്ചു.

2023ൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലും പീച്ചി സ്റ്റേഷനിലും നടന്ന പൊലീസ് മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ, നിലവിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി സമരത്തിലാണ്. അടുത്ത ദിവസം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും കോൺഗ്രസ് മാർച്ച് നടത്തുന്നുണ്ട് .

Content Highlight: At least hold a secretariat march against police brutality; Cyber ​​attack against V.D. Satheesan