ഇസ്രഈൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ 80 മരണം, 304 പേർക്ക് പരിക്ക്
Trending
ഇസ്രഈൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ 80 മരണം, 304 പേർക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th July 2025, 6:51 am

ഗസ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 80 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രഈലിന്റെ ആക്രമണം തുടരുന്നതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗസയിലെ ആശുപത്രികളിൽ 80 മൃതദേഹങ്ങൾ ലഭിച്ചതായും പരിക്കേറ്റ 304 പേരെ ചികിത്സിച്ചതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ 2023 ഒക്ടോബർ ഏഴിന് ഗസയിൽ ഇസ്രഈൽ ആരംഭിച്ച യുദ്ധത്തിന് ശേഷം, മരണസംഖ്യ 57,418 ആയി ഉയർന്നുവെന്നും പരിക്കേറ്റവരുടെ എണ്ണം 1,36,261 ആയി ഉയർന്നുവെന്നും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഭക്ഷണത്തിനായി കാത്തുനിന്ന എട്ട് ആളുകളെ ഇസ്രഈൽ സേന കൊലപ്പെടുത്തിയതായും ആക്രമണങ്ങളിൽ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഗസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇന്നലെ (ഞായറാഴ്ച) ഇസ്രഈലി യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 38 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇതോടെ ഭക്ഷണവും മറ്റ് അവശ്യ സഹായങ്ങളും ലഭിക്കുന്നതിനായി കാത്തുനിൽക്കുന്നതിനിടെ കൊല്ലപ്പെട്ട ആകെ ഫലസ്തീനികളുടെ എണ്ണം 751 ആയി ഉയർന്നു. സഹായം കാത്തുനിൽക്കവേ ആക്രമിക്കപ്പെട്ടതിൽ ഇതുവരെ കുറഞ്ഞത് 4,931 പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച വൈകിട്ടോടെ, ഹൊദൈദ, റാസ് ഇസ, സാലിഫ് തുറമുഖങ്ങളിലെ ഹൂത്തികളുടെ കേന്ദ്രങ്ങളും യെമനിലെ റാസ് ഖന്തിബ് പവർ പ്ലാന്റും ആക്രമിച്ചതായി ഇസ്രഈൽ സൈന്യം അറിയിച്ചു.

21 മാസത്തെ ഗസ യുദ്ധം അവസാനിപ്പിക്കാൻ വേണ്ടി യു.എസ് മുൻകൈ എടുത്തുള്ള വെടിനിർത്തൽ കരാർ ചർച്ചകൾ ഊർജ്ജിതമാകുന്നതിനിടെ, സമീപ ദിവസങ്ങളിൽ ഇസ്രഈൽ ഗസക്ക് നേരെയുള്ള ആക്രമണം വർധിപ്പിച്ചിരിക്കുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര സമൂഹം നിലപാട് സ്വീകരിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ആവശ്യപ്പെട്ടിരുന്നു.

 

Content Highlight: At least 80 killed and 304 wounded in past 24 hours by Israel