ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. ഇന്നലെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് ഉണ്ടായ അപകടത്തിൽ 11 പേരെ രക്ഷിച്ചിട്ടുണ്ട്. കപ്പലിൽ 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് തലകീഴായി മറിയുകയായിരുന്നു. പ്രദേശത്ത് ശക്തമായ കാറ്റും, കനത്ത മഴയും, ഇടിമിന്നലും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ഇതുവരെ 34 മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വണ്ടർ സീസ് എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്.
വിയറ്റ്നാമിൻ്റെ വടക്കൻ പ്രദേശത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്. യാത്രക്കാരിൽ 20 ലധികം കുട്ടികൾ ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ അനുശോചനം അറിയിച്ചു.
‘സംഭവത്തിന്റെ കാരണം അന്വേഷിക്കും. എന്തെങ്കിലും നിയമലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നടപടി എടുക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
അതേസമയം, വരും ദിവസങ്ങളിൽ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റും ഈ പ്രദേശത്തേക്ക് നീങ്ങുന്നുണ്ട്. അടുത്തയാഴ്ച ഹാ ലോങ് ബേയുടെ തീരം ഉൾപ്പെടെ വടക്കൻ വിയറ്റ്നാമിൽ ‘വിഫ കൊടുങ്കാറ്റ്’ ആഞ്ഞടിക്കുമെന്ന് ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.
വിയറ്റ്നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹാ ലോങ് ബേ, എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ ഇവിടെ സന്ദർശിക്കാറുണ്ട്. ക്വാങ് നിൻ പ്രവിശ്യയിലെ നൂറുകണക്കിന് ചെറിയ ദ്വീപുകളാൽ നിറഞ്ഞിരിക്കുന്ന പ്രദേശമാണിത്. 2019 ൽ നാല് ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടെ സഞ്ചരിച്ചിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട സ്ഥലം കൂടിയാണ് അപകടം നടന്ന ഹാ ലോങ് ബേ.
കഴിഞ്ഞ വർഷം, യാഗി ചുഴലിക്കാറ്റിൽ ശക്തമായ തിരമാലകൾ ഉണ്ടായതിനെ തുടർന്ന് ഹാലോങ് ഉൾക്കടലിലെ തീരദേശ ക്വാങ് നിൻ പ്രവിശ്യയിൽ 30 ബോട്ടുകൾ മുങ്ങിയിരുന്നു.
Content Highlight: At least 34 dead after tourist boat capsizes in Ha Long Bay in Vietnam