ഇറ്റലിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 130 ആയി
World
ഇറ്റലിയില്‍ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 130 ആയി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2013, 9:17 am

[]റോം: ഇറ്റലിയിലേക്ക് അഭയാര്‍ഥികളുമായി വന്ന ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 130 ആയി. ഇറ്റലിയുടെ സിസിലിയന്‍ പ്രവിശ്യയില്‍ ലാംപെഡ്യൂസ ദ്വീപിനടുത്തായാണ് അപകടം ഉണ്ടായത്.

ആഫ്രിക്കന്‍ കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്നു ബോട്ട്. 500 പേര്‍ ബോട്ടിലുണ്ടായിരുന്നതായി പറയുന്നു. 151 പേരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ കുട്ടികളും ഗര്‍ഭിണി ഉള്‍പ്പെടെയുള്ള സ്ത്രീകളുമുണ്ട്.

എറിട്രിയ, സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. 150 പേരെ ഇതിനോടകം രക്ഷപ്പെടുത്തി.

തീരത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് നിന്ന ബോട്ടിലേക്ക് തീരരക്ഷാസേനയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ യാത്രക്കാര്‍ തീയിടുകയായിരുന്നു.

എന്നാല്‍, തീ പടര്‍ന്നതോടെ എല്ലാവരും പരിഭ്രാന്തരായി സുരക്ഷിതസ്ഥാനത്തേക്ക് നീങ്ങി. ഇത് ബോട്ടിന്റെ നില തെറ്റിക്കുകയും ബോട്ട് മുങ്ങുകയുമായിരുന്നു.

കോസ്റ്റ്ഗാര്‍ഡിന്റെയും പൊലീസിന്റെയും നാല് ബോട്ടുകളും രണ്ടു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ടുണീസ്യയില്‍ നിന്ന് 113 കിലോമീറ്റര്‍ മാത്രം അകലെയായ ലാംപെസ്യൂഡയിലേക്കാണ് അഭയാര്‍ഥികള്‍ കൂടുതലായും എത്തുക.

സിറിയയിലെ ആഭ്യന്തര കലാപം രൂക്ഷമായതിനാല്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ അഭയാര്‍ഥികളായി എത്തുന്നുണ്ട്. മത്സ്യബന്ധനത്തിനു പോയവരാണ് പ്രാദേശിക സമയം ഇന്നലെ രാവിലെ 7.20ന് ബോട്ട് മുങ്ങുന്നത് കണ്ടത്.

ഈ ആഴ്ചയുടെ തുടക്കത്തില്‍ 13 അഭയാര്‍ഥികള്‍ സിസിലിയിലേക്കുള്ള യാത്രയില്‍ ബോട്ട് മുങ്ങി മരിച്ചിരുന്നു. താങ്ങാവുന്നതിലധികം പേരെ കയറ്റിയാണ് വേണ്ടത്ര സൗകര്യങ്ങളില്ലാതെ അഭയാര്‍ഥികളുമായി ബോട്ടുകളെത്തുന്നത്.