ഇസ്രഈലിലേക്ക് ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; 'യുദ്ധമാണെന്നറിയാം, വിശപ്പ് മാറ്റാൻ പിന്നെന്ത് ചെയ്യും?'
national news
ഇസ്രഈലിലേക്ക് ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; 'യുദ്ധമാണെന്നറിയാം, വിശപ്പ് മാറ്റാൻ പിന്നെന്ത് ചെയ്യും?'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th January 2024, 9:29 am

ചണ്ഡീഗഡ്: ഇസ്രഈലിൽ യുദ്ധം നടക്കുകയാണെന്ന് അറിയാമെന്നും പേടിച്ച് മാറി നിന്നാൽ എങ്ങനെ വീട്ടിൽ അടുപ്പെരിയുമെന്നും ചോദിച്ച് ഇസ്രഈലിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനെത്തിയ തൊഴിലാളികൾ.

ഹരിയാനയിലെ റോത്താക്കിൽ ഹരിയാന സർക്കാരിന്റെ ഫോറിൻ കോർപ്പറേഷൻ വകുപ്പ്, ഹരിയാന കൗശൽ റോസ്ഗാർ നിഗം ലിമിറ്റഡ്, ഹരിയാന സ്കിൽ ഡെവലപ്മെന്റ് മിഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ സ്ക്രീനിങ്ങിൽ ഒഡിഷ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പങ്കെടുത്തു.

ഇന്ത്യൻ തൊഴിലാളികളെ ഇസ്രഈലിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈൽ ഇന്ത്യൻ സർക്കാരിനെ ബന്ധപ്പെട്ടതിന് പിന്നാലെ ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ താത്പര്യമുള്ളവരെ അഭിമുഖത്തിനും സ്ക്രീനിങ്ങിനും ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നു.

1.37 ലക്ഷം രൂപ പ്രതിമാസ വരുമാനത്തിന് ഇസ്രഈലിൽ ആശാരിപ്പണി, ഇരുമ്പ് പണി, മേസ്തിരി തുടങ്ങിയ തൊഴിലുകൾക്കളായി 10,000 പേരെ വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹരിയാന സർക്കാർ ഡിസംബറിൽ വിജ്ഞാപനം ഇറക്കിയത്.

ചരിത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ 25കാരനായ രാജസ്ഥാൻ സ്വദേശി റാംപാൽ ഗഹ്‌ലോ
അഞ്ച് സർക്കാർ റിക്രൂട്മെന്റ് പരീക്ഷകൾ എഴുതിയിരുന്നു. ഒന്നും ലഭിക്കാത്തതിനാൽ കൃഷിപ്പണി ചെയ്യുകയാണ്. കിട്ടുന്ന പണം ഒന്നിനും തികയുന്നില്ലെന്നും ഇസ്രഈലിലേക്ക് തൊഴിലാളികളെ എടുക്കുന്നു എന്ന് അറിഞ്ഞപ്പോൾ അപേക്ഷിക്കുകയായിരുന്നു എന്നും റാംപാൽ പറയുന്നു.

എട്ടംഗ കുടുംബത്തിന്റെ ഏക ആശ്രയമായ ജഗദീഷ് പ്രസാദ് ഇസ്രഈലിലെ ഏതെങ്കിലും ഭാഗത്ത് ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

‘അവിടെ നല്ല പൈസ ലഭിക്കും. ഞാൻ 10 വർഷത്തിലധികമായി മേസ്തിരി പണി ചെയ്യുന്നു. 4000 രൂപയിലധികം മാസം ലഭിക്കാറില്ല. ചെലവുകൾ കൂടി വരികയാണ്.

ആളുകൾ പറയുന്നത് പോലെ ഇസ്രഈലിൽ പോകുന്നത് സുരക്ഷിതമല്ലെങ്കിൽ സർക്കാർ എന്തിന് നമ്മളെ അങ്ങോട്ട് അയക്കണം?

അതിർത്തിയിലാണ് യുദ്ധം നടക്കുന്നത് എന്നാണ് ഞാൻ കേട്ടത്. മറ്റെവിടെയെങ്കിലും ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ജഗദീഷ് പ്രസാദ് പറഞ്ഞു.

ഇസ്രഈൽ-ഫലസ്തീൻ സംഘർഷം നിലനിൽക്കുന്നതിനാൽ ഇസ്രഈലിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ജീവന് ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ട്രേഡ് യൂണിയനുകളും സാമൂഹിക പ്രവർത്തകരും സർക്കാരുകൾക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇസ്രഈലിലെ നിർമാണ മേഖലയിൽ തൊഴിലാളികൾക്കായി അനുവദിച്ചിട്ടുള്ള സുരക്ഷാ നയങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇന്ത്യൻ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കുന്നതെന്നാണ് ട്രേഡ് യൂണിയനുകളുടെ ആരോപണം.

കൂട്ടത്തോടെ ഫലസ്തീനി തൊഴിലാളികളെ പിരിച്ചുവിടുന്നത് അവരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിൽ ആക്കുമെന്നും ഇന്ത്യൻ തൊഴിലാളികളെ ഇസ്രഈലിലേക്ക് അയക്കുന്നത് ഫലസ്തീൻ ജനതയോട് കാണിക്കുന്ന ക്രൂരതയാണെന്നും ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി.

ചരിത്രപരമായി ഇന്ത്യക്ക് ഫലസ്തീനുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള നയങ്ങളാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും സ്വീകരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകര്രും ആരോപിച്ചു.

സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഹിന്ദ് മസ്ദൂർ സഭ അടക്കമുള്ള ട്രേഡ് യൂണിയനുകളും സാമൂഹിക പ്രവർത്തകരുമാണ് സർക്കാരുകൾക്കെതിരെ രംഗത്തെത്തിയത്.

Content Highlight: At Haryana camp for jobs in Israel: ‘War is going on… But if we sit back scared, what will we eat?’