വാഴ 2 വിൽ ചെറിയ വേഷം ചെയ്ത പുരുഷന്മാർ വരെ പ്രശംസിക്കപെടുമ്പോൾ എന്തുകൊണ്ട് സ്ത്രീ കഥാപാത്രങ്ങൾക്കത് ലഭിക്കുന്നില്ല: അശ്വതി ചന്ദ്
Malayalam Cinema
വാഴ 2 വിൽ ചെറിയ വേഷം ചെയ്ത പുരുഷന്മാർ വരെ പ്രശംസിക്കപെടുമ്പോൾ എന്തുകൊണ്ട് സ്ത്രീ കഥാപാത്രങ്ങൾക്കത് ലഭിക്കുന്നില്ല: അശ്വതി ചന്ദ്
നന്ദന എം.സി
Thursday, 16th April 2026, 12:44 pm

മലയാള സിനിമാ ചരിത്രത്തിൽ അപൂർവ നേട്ടവുമായി മുന്നേറുന്ന ചിത്രമായി മാറിയിരിക്കുകയാണ് വാഴ 2. സവിൻ സയുടെ സംവിധാനത്തിൽ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ 150 കോടിയിലധികം കളക്ഷൻ നേടി വിജയയാത്ര തുടരുകയാണ്.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് യുവപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ഹാഷിറിനൊപ്പം അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി സിനിമയ്ക്ക് കൂടുതൽ നിറം പകർന്നു.

അശ്വതി ചന്ദ്, Photo: IMDb

ചിത്രത്തിലെ എല്ലാ താരങ്ങളും തങ്ങളുടെ പ്രകടനങ്ങളിലൂടെ പ്രശംസ നേടിയിരിക്കുമ്പോൾ, സ്ത്രീ കഥാപാത്രങ്ങൾക്ക് ലഭിക്കേണ്ട പ്രാധാന്യം കുറവാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് നടി അശ്വതി ചന്ദ്.

ചിത്രത്തിൽ ഹാഷിറിന്റെ ഉമ്മയായി മികച്ച പ്രകടനം കാഴ്ചവെച്ച താരം, ‘എല്ലാവരുടെയും പ്രകടനം പ്രശംസിക്കപ്പെടുമ്പോഴും സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് പറയുന്ന പോസ്റ്റുകൾ കാണുന്നില്ല’ എന്നായിരുന്നു പ്രതികരണം. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതികരണം പങ്കുവെച്ചത്.

അശ്വതി ചന്ദ്, Photo: YouTube/ Screengrab

‘സ്ത്രീ കഥാപാത്രങ്ങൾ അത്രയും ചെയ്ത് വെച്ചാൽ പോലും അവരെ ആ ഒരു രീതിയിലേക്ക് എത്തിക്കുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

അതെനിക്ക് ഫീൽ ചെയ്യുന്നത് ഇപ്പോഴാണ്, കാരണം ഇപ്പോൾ വാഴ 2 നോക്കുകയാണെങ്കിൽ ഞാൻ മാത്രമല്ല, പ്രിൻസിപ്പൽ ആയി വേഷമിട്ട റീനചേച്ചി, ആ കഥാപാത്രം ഭയങ്കര ഡെപ്ത്ത് ഉള്ള ഒരു കഥാപാത്രമാണ്, ആ ചേച്ചി നന്നായി ചെയ്തിട്ടുമുണ്ട്.

അലന്റെ അമ്മയായി വേഷമിട്ട നിധന്യചേച്ചി നല്ലൊരു ക്യാരക്ടർ ചെയ്തിട്ടുണ്ട്. ഒരു ചെറിയ ഉമ്മച്ചിയുടെ വേഷമാണെങ്കിൽ പോലും എല്ലാവരെയും ചിരിപ്പിച്ച ആ കഥാപാത്രം കനകചേച്ചി നന്നായി ചെയ്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ ഒരു മൂന്ന് നാല് സ്ത്രീ കഥാപാത്രങ്ങൾ നന്നായി ചെയ്തിട്ടുണ്ട് ചിത്രത്തിൽ.

എന്നെ നന്നായി പുകഴ്ത്തി പറയണം എന്നല്ല ഞാൻ പറയുന്നത്, പക്ഷെ എന്തുകൊണ്ട് ഒരു പോസ്റ്റ് പോലും വാഴ 2 വിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇതിനകത്തുണ്ടായ പ്രാധാന്യത്തെ കുറിച്ച് പറയുന്നില്ല,’ അശ്വതി ചന്ദ് പറഞ്ഞു.

വാഴ 2, Photo: IMDb

കൂടാതെ ചിത്രത്തിൽ പുരുഷൻമാർക്കാണ് പ്രാധാന്യം എന്നിരുന്നാൽ പോലും ചെറിയ വേഷത്തിലെത്തിയ പുരുഷകഥാപാത്രങ്ങൾ വരെ പ്രശംസിക്കപെടുമ്പോൾ എന്തുകൊണ്ട് സ്ത്രീകഥാപാത്രങ്ങൾക്ക് അത്തരം പരിഗണ ലഭിക്കുന്നില്ല എന്നും താരം ചോദിക്കുന്നു.

പുരുഷൻമാർ തന്നെയാണ് ഈ കഥയുടെ കോർ, അതുകൊണ്ട് തന്നെ അവരെ പ്രശംസിക്കും, അതിൽ ഒരു തർക്കവുമില്ല. പക്ഷെ ചെറിയ വേഷം ചെയ്ത പല പുരുഷ കഥാപാത്രങ്ങൾ പോലും വളരെ അധികം പ്രശംസിക്കപ്പെടുമ്പോൾ, എന്തുകൊണ്ട് സ്ത്രീ കഥാപാത്രങ്ങൾക്ക് അത്തരം പ്രശംസ ലഭിക്കുന്നില്ല,’ അശ്വതി ചന്ദ് പറഞ്ഞു.

Content Highlight: Aswathi Chand asks why the female characters don’t get the same praise when even the men who played small roles in Vazha 2 are praised

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.