മലയാള സിനിമയിൽ റിലീസിന് പിന്നാലെ തന്നെ റിവ്യൂ പരിപാടികൾ എത്തുന്ന രീതിയിപ്പോൾ ശക്തമായിരിക്കുകയാണ്. മുമ്പ് സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ റിലീസിന് മാസങ്ങൾക്കപ്പുറമായിരുന്നു വന്നിരുന്നുവെങ്കിൽ, ഇന്ന് ചിത്രം പുറത്തിറങ്ങിയതിന്റെ പിന്നാലെ തന്നെ നല്ലതും ചീത്തയുമായ സിനിമയെ ചുറ്റിപ്പറ്റിയുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നു.
അത്തരത്തിൽ റിവ്യൂവിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അശ്വന്ത് കോക്ക്. തനിക്ക് മോശമെന്ന് തോന്നുന്ന സിനിമകളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നതാണ് അശ്വന്തിന്റെ ശൈലി. അതിനാൽ സിനിമാമേഖലയിലെ പലർക്കും അദ്ദേഹത്തോട് വിയോജിപ്പുണ്ട്.
ഇപ്പോൾ വീണ്ടും തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് അശ്വന്ത്. നടിയെ ആക്രമിച്ച കേസിൽ നിന്ന് കുറ്റവിമുക്തനായിട്ടും ദിലീപിനെ ഇപ്പോഴത്തെ ഹിറ്റ് മേക്കർമാരായ സംവിധായകർ പരിഗണിക്കുന്നില്ലെന്നും, അതല്ലെങ്കിൽ അദ്ദേഹത്തിന് തിരിച്ചുവരവ് അസാധ്യമാണെന്നും അശ്വന്ത് അഭിപ്രായപ്പെട്ടു. ‘മൂവി വേൾഡ് ഗ്ലോബൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാൽ, ദിലീപ് , Photo: IMDb
മികച്ച ഫിലിം മേക്കർമാരുമായി ദിലീപ് വീണ്ടും കൊളാബറേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അശ്വന്ത് പറഞ്ഞു. തരുൺ മൂർത്തി, അമൽ നീരദ്, ദിലീഷ് പോത്തൻ എന്നിവരുമായി ദിലീപ് സിനിമ ചെയ്യുമോയെന്നത് സംശയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘നമുക്ക് വിശ്വാസമുള്ള സംവിധായകരുടെ സിനിമ വരണം. അല്ലാതെ ദിലീപിന് വേണ്ടി ‘ഭ ഭ ബ’ പോലെ രണ്ട് പിള്ളേരെ കൊണ്ട് വന്ന് എഴുതിയാൽ കാര്യമില്ല. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ദിലീപിനെ വെച്ച് പടം ചെയ്യുമോ?’ എന്ന ചോദ്യവും അശ്വന്ത് ഉയർത്തി.
ഇപ്പോൾ ദിലീപ് എന്ന പേരിൽ മാത്രം പ്രേക്ഷകർ തിയറ്ററിലേക്ക് പോകുന്ന സാഹചര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ഭ ഭ ബ’യിൽ തന്നെ ലാലേട്ടൻ ഉണ്ടായതുകൊണ്ടാണ് ആദ്യദിവസം ഇത്രയും പേർ കാണാൻ പോയത്. ദിലീപ് മാത്രമുള്ള സിനിമയായിരുന്നെങ്കിൽ അത്ര ഹൈപ്പ് കിട്ടില്ലായിരുന്നു,’ അശ്വന്ത് പറഞ്ഞു.
അതേസമയം, മമ്മൂട്ടിയെയും മോഹൻലാലിനേയും പോലുള്ള താരങ്ങൾ ഇക്കാലത്ത് കാമിയോ വേഷങ്ങളിൽ എത്തുന്നത് നിർമാതാക്കളുമായുള്ള കമ്മിറ്റ്മെന്റുകൾ കൊണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
‘ഭ ഭ ബ’ പോലൊരു സിനിമയിൽ ലാലേട്ടൻ അഭിനയിക്കേണ്ട ആവശ്യം എന്താണ്? കമ്മിറ്റ്മെന്റുകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ ഒരു കോമാളി വേഷം ചെയ്തതെന്ന് തോന്നുന്നു,’ അശ്വന്ത് കൂട്ടിച്ചേർത്തു
Content Highlight: Aswanth kok talk about the movie Bha bha ba
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.