തനിക്കെതിരെയുള്ള അഴിമതി അന്വേഷണം റദ്ദാക്കണമെന്ന രാകേഷ് അസ്താനയുടെ ഹരജി കോടതി തള്ളി; എത്രയും പെട്ടെന്ന് അന്വേഷണം വേണമെന്ന് ഉത്തരവ്
national news
തനിക്കെതിരെയുള്ള അഴിമതി അന്വേഷണം റദ്ദാക്കണമെന്ന രാകേഷ് അസ്താനയുടെ ഹരജി കോടതി തള്ളി; എത്രയും പെട്ടെന്ന് അന്വേഷണം വേണമെന്ന് ഉത്തരവ്
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 5:24 pm

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ തള്ളിക്കളയണമെന്ന സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. അസ്താന ഉള്‍പ്പടെ നാലു പേര്‍ക്കെതിരെയുള്ള അന്വേഷണം 10 ആഴ്ചക്കുള്ളില്‍ തീര്‍ക്കണമെന്നും കോടതി ഉത്തരവിട്ടു.

ക്രിമിനല്‍ പ്രൊസിക്യൂഷനെതിരെ കോടതി അസ്താനയ്ക്ക് നല്‍കിയ ഇടക്കാല പരിരക്ഷയും പിന്‍വലിച്ചിട്ടുണ്ട്. പൊലീസിന് അസ്താനയെ വിചാരണ ചെയ്യണമെങ്കില്‍ പ്രത്യേക ഉത്തരവ് വേണ്ടെന്നും കോടതി പറഞ്ഞു. ഇതോടെ അസ്താനയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്.

വ്യവസായിയായ മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും തന്നെ ഒഴിവാക്കാനായി രാകേഷ് അസ്താനയ്ക്ക് കൈക്കൂലി നല്‍കി എന്ന ഹൈദരാബാദിലെ വ്യവസായി സതീഷ് ബാബു സനയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. സതീഷ് സനയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി പറഞ്ഞിരുന്നു.

Also Read സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നാലെ അലോക് വര്‍മ്മ രാജിവെച്ചു; പുതിയ പദവി ഏറ്റെടുക്കില്ല

നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അസ്താനയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുതിര്‍ന്ന അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പുറത്താക്കിയിരുന്നു. അലോക് വര്‍മ്മയ്ക്കതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവ് ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി. കമ്മിറ്റിയില്‍ അംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അലോക് വര്‍മ്മയെ പുറത്താക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാഡ്സ് ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തേക്കായിരുന്നു അദ്ദേഹത്തെ മാറ്റിയത്. എന്നാല്‍ അത് ഏറ്റെടുക്കാന്‍ വിസമ്മതിച്ച് അലോക് വര്‍മ്മ സര്‍വീസില്‍ നിന്നും രാജി വെക്കുകയായിരുന്നു. പുതിയ ചുമതലയില്‍ നിന്നും രാജിവെക്കുകയാണെന്നും താന്‍ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് അലോക് വര്‍മ്മ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ ആന്റ് ട്രെയിനിങ്ങിന് കത്തയച്ചു.