ക്രയോഅബ്ലേഷന്‍; ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
DOOL PLUS
ക്രയോഅബ്ലേഷന്‍; ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th October 2021, 12:50 pm

കൊച്ചി: ഹൃദ്രോഗ ചികിത്സയില്‍ നൂതന ചികിത്സാസംവിധാനമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി. പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകള്‍ക്കും കാരണമാകുന്ന അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം സാധാരണ നിലയിലുള്ള ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയായ ബലൂണ്‍ ക്രയോഅബ്ലേഷന്‍ സംവിധാനമാണ് ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കിയിരിക്കുന്നത്.

ചെറിയ സുഷിരത്തിലൂടെയുള്ള പ്രക്രിയ ആയതിനാല്‍ തന്നെ വേദനാരഹിതവും, മറ്റ് ഹൃദയശസ്ത്രക്രിയകളെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമാണ്   ക്രയോഅബ്ലേഷന്‍ എന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റും ഇലക്ടോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീണ്‍ ശ്രീകുമാര്‍ അവകാശപ്പെട്ടു.

നൂതനമായ ഈ ചികിത്സാ പ്രക്രിയ്ക്ക് ശേഷം ഭൂരിഭാഗം രോഗികള്‍ക്കും മരുന്നുകള്‍ ഒഴിവാക്കാനാകും. പ്രാരംഭഘട്ടത്തില്‍ കൃത്യമായ രോഗനിര്‍ണയത്തിലൂടെ ഈ പ്രക്രിയ ചെയ്യുന്ന രോഗികളില്‍ രോഗാവസ്ഥ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും ഡോ. പ്രവീണ്‍ ശ്രീകുമാര്‍ പറഞ്ഞു.

രാജ്യത്ത് തന്നെ ആദ്യമായി ക്രയോഅബ്ലേഷന്‍ ചികിത്സാരീതി വിജയകരമായി അവതരിപ്പിക്കുന്ന സെന്ററുകളിലൊന്നാണ് ആസ്റ്റര്‍ മെഡ്സിറ്റിയെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.അനില്‍കുമാര്‍ അവകാശപ്പെടുന്നു. അയല്‍- സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നതെന്നും നിലവില്‍ അഞ്ച് രോഗികള്‍ ക്രയോഅബ്ലേഷന്‍ പ്രക്രിയയ്ക്കായി കാത്തിരിക്കുകയാണെും അദ്ദേഹം പറഞ്ഞു.

”രോഗിയുടെ കാലിലെ രക്തധമനിയിലൂടെ കടത്തിവിടുന്ന കത്തീറ്റര്‍ നൂതന ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയത്തിലേക്ക് നയിക്കപ്പെടുന്നു. സാധാരണയില്‍ നിന്ന് വിപരീതമായി നൈട്രസ് ഓക്സൈഡ് വാതകത്തിന്റെ സഹായത്താല്‍ രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗം തണുപ്പിക്കുന്നു. കുറഞ്ഞ താപനിലയില്‍ തന്നെ ബലൂണിന്റെ സഹായത്താല്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനാല്‍ മറ്റ് കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയുടെ ഗുണം. പ്രക്രിയ പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനാകും,” അധികൃതര്‍ അവകാശപ്പെട്ടു.

അസാധാരണമായ ഹൃദയമിടിപ്പ് കാരണം നെഞ്ചില്‍ വെള്ളം കെട്ടി അപകടകരമായ നിലയിലെത്തിച്ച മലപ്പുറം വളാഞ്ചരി സ്വദേശിയായ 53-വയസുകാരിയിലാണ് ആദ്യത്തെ ക്രയോഅബ്ലേഷന്‍ പ്രക്രിയ നടത്തിയതെന്നും രോഗിയുടെ അപകടാവസ്ഥയും, രോഗാവസ്ഥ ഇനിയും ഉണ്ടാകാനുള്ള സാധ്യതയും, സുരക്ഷയും കണക്കിലെടുത്താണ് നൂതന ചികിത്സാരീതിയായ ക്രയോഅബ്ലേഷന്‍ നടത്താമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതെന്നും അധികൃതര്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Aster Medcity launches specialised treatment