പാലക്കാട്: താമസിക്കുന്ന ഫ്‌ളാറ്റ് ഒഴിയാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് നല്‍കി അസോസിയേഷന്‍. ഈ മാസം 25ഓടെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ നിന്നും ഒഴിയണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഈ ഫ്‌ളാറ്റില്‍ വെച്ച് രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഫ്‌ളാറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഫ്‌ളാറ്റിലെത്തി അന്വേഷണ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് അസോസിയേഷന്‍ കത്ത് നല്‍കിയിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഈ ഫ്‌ളാറ്റിലേക്ക് മാറുന്നത്. നിലവില്‍ രാഹുല്‍ ഈ ഫ്‌ളാറ്റില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യവെ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇവിടെ നിന്നും മാറിപ്പോകണമെന്നും ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
നിരന്തരം ഈ ഫ്‌ളാറ്റ് വാര്‍ത്തകളില്‍ ഇടം നേടിയതിന് പിന്നാലെയാണ് അസോസിയേഷന്‍ രാഹുലിനോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന്റെ ഭാഗമായി ‘ഒളിവുജീവിതം അവസാനിപ്പിച്ച്’ കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തിയതോടെയാണ് അസോസിയേഷന്‍ നോട്ടീസ് നല്‍കിയത്.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഒളിവില്‍ പോയ രാഹുല്‍ വോട്ട് രേഖപ്പെടുത്താന്‍ പാലക്കാട്ടെത്തിയത്. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ രാഹുല്‍ 15 ദിവസത്തിന് ശേഷമാണ് തന്റെ മണ്ഡലത്തില്‍ തിരിച്ചെത്തിയത്.