ദുരഭിമാന കൊലപാതകത്തിനെതിരെ നിയമുണ്ടാക്കേണ്ടത് നിയമസഭ; കോടതിക്ക് ഉത്തരവിടാനാവില്ല: മദ്രാസ് ഹൈക്കോടതി
India
ദുരഭിമാന കൊലപാതകത്തിനെതിരെ നിയമുണ്ടാക്കേണ്ടത് നിയമസഭ; കോടതിക്ക് ഉത്തരവിടാനാവില്ല: മദ്രാസ് ഹൈക്കോടതി
നിഷാന. വി.വി
Friday, 17th April 2026, 11:56 am

ചെന്നൈ: ദുരഭിമാനക്കൊലയ്‌ക്കെതിരായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി.

അത് നിയമനിര്‍മാണ സഭയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും ഹൈക്കോടതി പറഞ്ഞു. ദുരഭിമാനകൊലകള്‍ തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു മധുര ബെഞ്ചിന്റെ നിരീക്ഷണം.

കഴിഞ്ഞ വര്‍ഷം തിരുനെല്‍വേലിയില്‍ നടന്ന കെവിന്‍ സെല്‍വഗണേഷ് എന്ന ഐ.ടി ജീവനക്കാരന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് തൂത്തുക്കുടി സ്വദേശിയായ എസ്.എം.എ. പൊന്‍ ഗാന്ധിമതിനാഥന്‍ ഈ ഹര്‍ജി സമര്‍പ്പിച്ചത്.

ജാതിക്കൊലകള്‍ക്കെതിരെ പ്രത്യേക നിയമം വേണമെന്നതിനൊപ്പം, കെവിന്‍ സെല്‍വഗണേഷിന്റെ കൊലപാതക കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സിബി-സി.ഐ.ഡി അന്വേഷണ ഉദ്യോഗസ്ഥരായ സൂപ്രണ്ടും ഇന്‍സ്‌പെക്ടറും എം.ബി.സി (most backward classes )സമുദായത്തില്‍ നിന്നുള്ളവരാണെന്നും പ്രതികള്‍ ഉള്‍പ്പെടുന്ന വിഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകത്തിന് മുമ്പ് സിബി-സിഐഡി ഇന്‍സ്‌പെക്ടര്‍ ഇരയെ ഭീഷണിപ്പെടുത്തിയതായി ഇരയുടെ പിതാവ് പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2025 നവംബറില്‍ തന്നെ കുറ്റപത്രം സമര്‍പ്പിച്ചതായായിരുന്നു അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ കോടതിയിലെ വാദം.

കൂടാതെ പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള നഷ്ടപരിഹാരം ഇരയുടെ കുടുംബത്തിന് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

ജാതിക്കൊലകള്‍ തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിട്ടുണ്ടെന്നും ഇതിന്മേലുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് ചൂണ്ടിക്കാണിച്ചാണ് നിയമനിര്‍മാണത്തിനായി നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കോടതി ഹരജി തീര്‍പ്പാക്കിയത്.

Content Highlight: Assembly should enact law against honour killing; court cannot issue order: Madras High Court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.