കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയില്‍ സി.പി.ഐ.എം സഹയാത്രികനും മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ് അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുഞ്ഞുമുഹമ്മദിനെ വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യമുള്ള പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി.
ഹോട്ടല്‍ മുറിയില്‍ വെച്ച് സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ ചോദ്യം ചെയ്യലില്‍, തനിക്കെതിരായ പരാതി വ്യാജമെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് പറഞ്ഞു.
ശനിയാഴ്ചയാണ് കുഞ്ഞുമുഹമ്മദിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം.
ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. സമാനമായ കേസിൽ അകപ്പെടരുതെന്നും ഉപാധിയുണ്ട്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുൻകൂർ നല്‍കിയത്.
കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. പി.ടി. കുഞ്ഞുമുഹമ്മദിന്റെ പേരിലാണ് ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാളം ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പി.ടി. കുഞ്ഞുമുഹമ്മദും പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഇവിടെ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.