ബെംഗളൂരു: ബെംഗളൂരുവില്‍ അര്‍ദ്ധരാത്രിയില്‍ വഴിയരികില്‍വെച്ച് യുവതിക്ക് നേരെയുണ്ടായ ലൈംഗിക്രമത്തെപ്പറ്റിയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പരാമര്‍ശം വിവാദത്തില്‍. ഇത്തരം അതിക്രമങ്ങള്‍ വലിയ നഗരങ്ങളില്‍ സാധാരണമാണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്.
‘ഇതുപോലുള്ള ഒരു വലിയ നഗരത്തില്‍ ഇത്തരം സംഭവങ്ങള്‍ അവിടെയും ഇവിടെയും ഉണ്ടാകാറുണ്ട്. വിഷയത്തില്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ബീറ്റ് പട്രോളിങ് വര്‍ധിപ്പിക്കാന്‍ ഞാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,’ ജി. പരമേശ്വര എ.എന്‍.ഐയോട് പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയാണ് ബെംഗളൂരുവിലെ ബി.ടി.എം ലേഔട്ടില്‍വെച്ച് അര്‍ദ്ധരാത്രിയോടെ ഒരാള്‍ യുവതിയെ കടന്നുപിടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായത്. രാത്രി നഗരത്തിലെ ഇടുങ്ങിയ ഇടവഴിയിലൂടെ രണ്ട് സ്ത്രീകള്‍ നടന്നു പോകുമ്പോള്‍, അവരെ പിന്തുടര്‍ന്നെത്തിയ അക്രമി സ്ത്രീകളില്‍ ഒരാളെ കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ബെംഗളൂരു നഗരത്തിലെ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.
അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും ബെംഗളൂരു പൊലീസ് സ്വമേധയാ കേസെടുത്തതായി റിപ്പോര്‍ട്ട് ഉണ്ട്. സെക്ഷന്‍ 354 ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനുവരിയിലും സമാനമായി ക്യാബില്‍വെച്ച് മറ്റൊരു യുവതിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായിരുന്നു. ജനുവരി 27ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. യുവതി ക്യാബ് ബുക്ക് ചെയ്ത് അതില്‍ കയറാന്‍ നില്‍ക്കവെ രണ്ട് പുരുഷന്മാരും അവര്‍ക്കൊപ്പം വാഹനത്തില്‍ കയറാന്‍ ശ്രമിച്ചു. ഇത് പുരുഷന്മാരും ക്യാബ് ഡ്രൈവറും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു.